മണിപ്പൂര്‍ ദൃശ്യത്തില്‍ സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ ഞങ്ങളത് ചെയ്യും; കടുത്ത ഭാഷയില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി


മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ കടുത്ത ഭാഷയില്‍ കേന്ദ്രസര്‍ക്കാരിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് സുപ്രീം കോടതി. സര്‍ക്കാരിന് നടപടിയെടുത്തില്ലെങ്കില്‍ സുപ്രീം കോടതിയത് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. യുവതികളെ നഗ്നരാക്കി നടത്തുന്ന് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഗുരുതരമായ ഭരണഘടന വീഴ്ചയാണ് നടന്നതെന്നും വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് ചീഫ് ജസ്റ്റിസ് പറഞ്ഞു.


പ്രചരിച്ച ദൃശ്യങ്ങള്‍ ഭരണഘടന സംവിധാനങ്ങളുടെ വീഴ്ച ആണെന്ന പരോക്ഷ വിമര്‍ശനം ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്നുണ്ടാവുകയും സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കോടതി ഇടപെടുമെന്ന മുന്നറിയിപ്പും കേന്ദ്രസര്‍ക്കാരിനെതിരായ കടുത്ത താക്കീതാണ്. ഈ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സര്‍ക്കാര്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ കോടതിക്ക് നടപടി എടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.


വര്‍ഗീയ കലാപം നടക്കുന്ന സ്ഥലത്ത് സ്ത്രീയെ ഇരയാക്കി ലൈംഗീക അതിക്രമം നടത്തുന്നത് അനുവദിക്കാനാകില്ല. കുറ്റക്കാര്‍ക്കെതിരെ എന്ത് നടപടി സര്‍ക്കാര്‍ എടുത്തുവെന്ന് ഒരാഴ്ചയ്ക്കകം കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സ്വമേധയ എടുത്ത കേസ് ജൂണ്‍ 28 ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. കേസ് പരിഗണിക്കും മുമ്പ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിട്ടുണ്ട്.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണോ അതോ ഇതുപോലെ മറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ആര്‍ക്ക് അറിയാമെന്നും കോടതി ചോദിച്ചു. ഇത് മണിപ്പൂര്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട് കോടതിക്ക് മുമ്പാകെ വന്ന ഹര്‍ജികളിലെല്ലാം സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടു വരുന്നുവെന്ന ബിജെപി സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള നിലപാടുകളെ ചോദ്യം ചെയ്തുകൂടിയാണ്.



Sharing is Caring