ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ കുറ്റാരോപിതനായ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷ് പൊലീസില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് സുകാന്ത് കീഴടങ്ങിയത്. പ്രതിക്കെതിരെയുള്ള ആത്മഹത്യാപ്രേരണാ കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടായിരുന്നു സുകാന്ത് ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നത്.
യുവതിയുമായി താന്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചെങ്കിലും ഇതിനെ എതിര്‍ത്ത വീട്ടുകാരുടെ സമ്മര്‍ദം മൂലം യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ കേസ് അന്വേഷണത്തില്‍ തെളിയുന്നത് വ്യത്യസ്തമായ കാര്യങ്ങളാണെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കുകയും ഹര്‍ജി തള്ളുകയുമായിരുന്നു.
പ്രതിക്കു കീഴടങ്ങാമെന്നും കോടതി വാക്കാല്‍ വ്യക്തമാക്കിയാണ് സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച രാവിലെ തള്ളിയത്.

ഇതിനു പിന്നാലെയാണ് എറാണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ കീഴടങ്ങല്‍. ഒന്നിലേറെ ബന്ധങ്ങളുമായാണു പ്രതി മുന്നോട്ടു പോയതെന്ന് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് നിരീക്ഷിച്ചു. മരിച്ച യുവതി തന്റെ ശമ്പളം പോലും പ്രതിക്ക് അയച്ചു കൊടുത്തിരുന്നുവെന്നും എല്ലാ വിധത്തിലും യുവതിക്കു മേല്‍ പ്രതി ആധിപത്യം സ്ഥാപിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.













