പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി തള്ളി . നജീബ് കാന്തപുരത്തിന് എംഎല്‍എയായി തുടരാമെന്ന് കോടതി വ്യക്തമാക്കി.എല്‍ഡിഎഫ് സ്ഥനാർത്ഥി കെ പി മുഹമ്മദ് മുസ്‌തഫയുടെ ഹർജിയാണ് തള്ളിയത്.പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തെ തിരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെ പി മുഹമ്മദ് മുസ്‌തഫ ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്.
തപാല്‍ വോട്ടുകളില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. തപാല്‍ വോട്ട് എണ്ണുന്നതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ നിർദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടെന്നും മുസ്‌തഫ പരാതി ഉന്നയിച്ചിരുന്നു.340 പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയില്ലെന്നായിരുന്നു മുസ്‌തഫയുടെ പരാതി. പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ടില്ല എന്നായിരുന്നു കാരണമായി ചൂണ്ടിക്കാട്ടിയത്. 38 വോട്ടിനായിരുന്നു നജീബ് കാന്തപുരം വിജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല.

ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ മുസ്‌തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട നടപടികള്‍ക്കിടെ തിരഞ്ഞെടുപ്പ് രേഖകള്‍ അടങ്ങിയ പെട്ടി കാണാതെ പോവുകയും ചെയ്തു. ഇത് പിന്നീട് മലപ്പുറം സഹകരണ ജോയിന്റ് രജിസ്‌ട്രാറുടെ ഓഫീസില്‍ നിന്ന് കണ്ടെത്തി. ഈ പെട്ടികള്‍ പിന്നീട് ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധന നടത്തിയിരുന്നു.
ഇതിനിടെ തപാല്‍ വോട്ടുകളില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി എതിർസ്ഥാനാർത്ഥി കെ പിഎം മുസ്‌തഫ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജി നിലനില്‍ക്കില്ലെന്ന് കാട്ടി നജീബ് കാന്തപുരം സുപ്രീം കോടതിയില്‍ ഹർജി സമർപ്പിക്കുകയും ചെയ്തു. ഇതില്‍ സുപ്രീംകോടതി ഇടപെട്ടില്ല. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ ഇടപെടുന്നില്ലെന്നായിരുന്നു നിരീക്ഷണം.













