ആലപ്പുഴ: സംസ്ഥാന വ്യാപകമായി ഇന്നും നാളെയും അതി തീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. 11 ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.

കണ്ണൂര്‍, കാസര്‍ക്കോട്, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറന്‍ – ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. പശ്ചിമ ബംഗാള്‍ – ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം, വടക്കു ഭാഗത്തേക്ക് നീങ്ങി അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ അതിതീവ്രമഴ തുടരുന്നത്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 എംഎംല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.













