സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യത. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മോശം കാലാവസ്ഥയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും മറ്റന്നാളും തിങ്കളാഴ്ചയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

അതേസമയം, ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ആറ് ഷട്ടറുകള്‍ ഒരു മീറ്റര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കും. തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.













