ഹൃദയവാൽവിലെ തകരാർ; ശസ്ത്രക്രിയ കൂടാതെ പരിഹരിച്ച് മെഡിക്കൽ സംഘം

തിരുവനന്തപുരം: ഹൃദയ വാൽവുകൾ തകരാറിലാവുന്ന അയോർട്ടിക് വാൽവ് സ്റ്റീനോസിസ് എന്ന രോഗാവസ്ഥ ബാധിച്ച തമിഴ്‌നാട് സ്വദേശിയായ 30 വയസ്സുകാരനിൽ നൂതന ചികിത്സാരീതി വിജയകരമാക്കി തിരുവനന്തപുരം കിംസ്ഹെൽത്ത്. ബലൂൺ വാൽവുലോപ്ലാസ്റ്റി എന്ന ചികിത്സാരീതിയിലൂടെയാണ് ഹൃദയ വാൽവ് ചുരുങ്ങുന്നത് മൂലം രക്തയോട്ടം കുറഞ്ഞ് ഹൃദയ അറയിൽ അമിത മർദ്ദമുണ്ടാകുന്ന ഗുരുതരാവസ്ഥ ഭേദമാക്കിയത്.

കടുത്ത ശ്വാസതടസവും ഇടവിട്ട് ബോധക്ഷയവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് രോഗി ആശുപത്രിയിലെത്തുന്നത്. ഹൈപ്പർടെൻഷനും പ്രമേഹവുമില്ലായിരുന്ന രോഗിയിൽ നടത്തിയ എക്കോകാർഡിയോഗ്രാമിലാണ് വാൽവ് ചുരുങ്ങിയത് മൂലമുണ്ടാകുന്ന രോഗാവസ്ഥ കണ്ടെത്തുന്നത്, ഇതിനെ ‘ഫെയിലിംഗ് ഹാർട്ട് വാൽവ്’ എന്നും വിശേഷിപ്പിക്കുന്നു. ഹൃദയത്തിലെ അറകളിലൊന്നായ ഇടത് വെൻട്രിക്കിളിൽ നിന്ന് ശുദ്ധരക്തം വഹിക്കുന്ന ഏറ്റവും വലിയ രക്തക്കുഴലായ അയോർട്ടയിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. ഇത് ഹൃദയ അറയിലെ മർദത്തെ ബാധിക്കുകയും ചെയ്യുന്നു. ശരീരത്തിലുടനീളം ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യുന്നത് ഇടത് വെൻട്രിക്കിളാണ്, അതിന്റെ പരാജയം മറ്റ് അവയവങ്ങളുടെ വൈകല്യത്തിലേക്കും നയിച്ചേക്കാം.

കത്തീറ്ററിന്റെ സഹായത്തോടെ രക്തക്കുഴലിലേക്ക് ബലൂൺ കടത്തിവിടുന്ന രീതിയാണ് ബലൂൺ വാൽവുലോപ്ലാസ്റ്റി. കത്തീറ്റർ അയോർട്ടയിലൂടെ ഹൃദയത്തിലെ ഇടുങ്ങിയ വാൽവിലേക്കെത്തുകയും ബലൂൺ വികസിച്ച് രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന്, ബലൂൺ പിൻവലിച്ച് കത്തീറ്റർ നീക്കം ചെയ്യും.

ഹൃദയം മിടിക്കുമ്പോൾ തന്നെയാണ് ബലൂൺ വാൽവുലോപ്ലാസ്റ്റി പ്രൊസീജിയർ പൂർത്തിയാക്കിയതെന്നും ബലൂൺ വികസിപ്പിച്ചതിനെത്തുടർന്ന് പ്രവർത്തനരഹിതമായ വാൽവ് ഉടൻ തന്നെ പ്രവർത്തിച്ചു തുടങ്ങിയെന്നും പ്രൊസീജിയറിന് നേതൃത്വം നൽകിയ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിജുലാൽ എസ് പറഞ്ഞു. രോഗിയുടെ പ്രായം കണക്കിലെടുത്താണ് ഈ രീതി തിരഞ്ഞെടുത്തത്. സമയോചിതമായി ഇത് പൂർത്തിയാക്കിയില്ലായിരുന്നെങ്കിൽ ഹൃദയസ്തംഭനത്തിലേക്ക് വരെ നയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃദയം മിടിച്ചുകൊണ്ടിരിക്കുമ്പോൾ നടത്തുന്ന അത്തരം ഇടപെടലുകൾ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്.

രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പൂർണ്ണ ആരോഗ്യവാനായി രോഗി ആശുപത്രി വിട്ടു. കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. രമേശ് നടരാജൻ, കാർഡിയോ അനസ്‌തീഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. അനിൽ രാധാകൃഷ്ണൻ പിള്ള, ഡോ. സുഭാഷ് എസ് എന്നിവരും രണ്ട് മണിക്കൂർ നീണ്ട് നിന്ന പ്രൊസീജിയറിന്റെ ഭാഗമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *