ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും


ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിലെ പ്രതിയും നര്‍ത്തകിയുമായ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കും. സത്യഭാമയുടെ അറസ്റ്റിന് ഇന്നുവരെ ഹൈക്കോടതിയുടെ വിലക്കുണ്ട്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.


കേസില്‍ സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നെടുമങ്ങാട് അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് അപ്പീലുമായി സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്.ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ, ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍.


പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.



Sharing is Caring