ഫിനിക്സ്: ഫിനിക്സില്‍ നിന്നും ഹൊന്നലുലുവിലേക്കു പുറപ്പെട്ട ഹവായിയന്‍ എയര്‍ലൈന്‍സ് ശക്തമായ ആകാശചൂഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിമാന ജോലിക്കാര്‍ ഉള്‍പ്പെടെ 36 പേര്‍ക്കു പരിക്കേറ്റു.
പരുക്കേറ്റ 14 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ 20 പേരെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിച്ചതായും 11 പേരുടെ നില അതീവഗുരുതരമാണെന്നും എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 18 ഞായറാഴ്ചയായിരുന്നു സംഭവം.
തലക്കേറ്റ പരിക്കുമൂലം പലരും അബോധാവസ്ഥയിലായിരുന്നു. 278 യാത്രക്കാരേയും പത്തു ജീവനക്കാരേയും വഹിച്ചുകൊണ്ട് ഹൊന്നലുലു വിമാനത്താവളത്തില്‍ രാവിലെ 11ന് ഇറങ്ങേണ്ട വിമാനം 30 മിനിറ്റ് മുന്‍പാണ് ആകാശചൂഴിയില്‍പെട്ടു ശക്തമായി ഉലഞ്ഞത്. 36,000 അടി ഉയരത്തിലാണു വിമാനം പറന്നിരുന്നത്.

വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ നിന്നു പരിക്കേറ്റവരെ സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിമാനം ചുഴിയില്‍ പെട്ടത് പെട്ടെന്നായിരുന്നു. പലര്‍ക്കും ഇരിക്കുന്നതിനോ സീറ്റ് ബെല്‍റ്റ് ഇടുന്നതിനോ അവസരം ലഭിക്കാതിരുന്നതാണു കൂടുതല്‍ പേര്‍ക്കു പരിക്കേല്‍ക്കുവാന്‍ കാരണമെന്നു പറയപ്പെടുന്നു.
സംഭവം നടന്ന പ്രദേശത്തു ശക്തമായ ഇടിമിന്നല്‍ ഉണ്ടായിരുന്നത് ഒരു പക്ഷേ ആകാശ പാതയെ സ്പര്‍ശിക്കുന്നതിനു കാരണമായേക്കാമെന്നും കരുതുന്നു. സംഭവത്തെ കുറിച്ചു യുഎസ് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












