ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയിൽ

ഗ്യാൻവാപി മസ്ജിദ് വിഷയം ഇന്ന് സുപ്രിംകോടതിയിൽ. വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിലെ സർവേയ്‌ക്കെതിരെ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. അതേസമയം, സർവേ റിപ്പോർട്ട് സമർപ്പിക്കാൻ വാരണാസി സിവിൽ കോടതി അഡ്വക്കേറ്റ് കമ്മീഷണർമാർക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. വിഷയത്തിൽ രാഷ്ട്രീയ വിവാദം തുടരുകയാണ്.

ഗ്യാൻവാപി മസ്ജിദിലെ സർവേ നടപടികൾ ഇന്നലെ അവസാനിച്ചിരുന്നു. മസ്ജിദ് പരിസരത്തെ കിണറിൽ ശിവലിംഗം കണ്ടെത്തിയെന്ന് ഹർജിക്കാരുടെ അഭിഭാഷകർ അവകാശപ്പെട്ടതിന് പിന്നാലെ വാരണാസി സിവിൽ കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം സീൽ ചെയ്തിരുന്നു. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ കോടതി അഡ്വക്കേറ്റ് കമ്മീഷണർമാർക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്.

റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാനാണ് ശ്രമമെന്ന് അഡ്വക്കേറ്റ് കമ്മീഷണർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ്, സർവേയെയും കോടതി നടപടികളെയും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുക. സർവേ പൂർത്തിയായ സ്ഥിതിക്ക് അക്കാര്യത്തിൽ സ്റ്റേ ചോദിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. എന്നാൽ തുടർ സർവേ തുടങ്ങിയ സിവിൽ കോടതിയുടെ മുന്നോട്ടുള്ള ഏത് നടപടിയും തടയണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടേക്കും. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ നിലപാട് നിർണായകമാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *