വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട് മുണ്ടക്കൈ ദുരന്ത ബാധിതരെ വിളിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക് താക്കീതുമായി സര്‍ക്കാര്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുമെന്നും മനുഷ്യത്വമുള്ളവര്‍ ചെയ്യുന്ന കാര്യമല്ലെന്നും റവന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. ‘ഉറ്റവരെ തേടുകയാണ് ക്യാമ്പിലെ ഓരാ മനുഷ്യരും. എന്തിനാണ് ക്യാമ്പില്‍ തന്നെ വന്നുകിടക്കുന്നത്. നിവര്‍ത്തിയില്ലാത്തതുകൊണ്ടല്ലേ. അവരെ ചേര്‍ത്തുപിടിക്കേണ്ട സമയമല്ലേ ഇത്. ഒരു കൊള്ളയ്ക്കും ആരെയും വിധേയമാക്കില്ല.
സ്വകാര്യകമ്പനികള്‍ അവരുടെ നിയമാവലി അനുസരിച്ച് മുന്നോട്ട് പോകുന്നതില്‍ പ്രയാസമില്ല. എന്നാല്‍, മനുഷ്യത്വരഹിത നിലപാടുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല’, കെ രാജന്‍ പറഞ്ഞു.എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തന്നെ നേരിട്ട് വിളിക്കാം. ജില്ലാ കളക്ടറെയോ എഡിഎമ്മിനെയോ വിളിക്കാം. പേടിപ്പിച്ച് പിരിക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്നും പാവപ്പെട്ടവരെ ദ്രോഹിക്കാന്‍ ഒരു കമ്പനികളെയും അനുവദിക്കില്ല കെ രാജന്‍ പറഞ്ഞു.ദുരന്തത്തില്‍ വീടും ബന്ധുക്കളെയും നഷ്ടപ്പെട്ട് മാനസികമായി തകര്‍ന്നിരിക്കുന്നവരെ വിളിച്ചാണ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ ഇഎംഐ തുക ആവശ്യപ്പെട്ടത്.

തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം താന്‍ ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ എന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിക്കാരന്‍ പറയുന്നു.’ഞാന്‍ ഇഎംഐ എടുത്തിരുന്നു. ഇപ്പോള്‍ പണമിടപാട് സ്ഥാപനത്തില്‍ നിന്നും വിളിച്ചു. നിങ്ങള്‍ സുരക്ഷിതരാണോയെന്നാണ് ആദ്യം ചോദിച്ചത്. സുരക്ഷിതരാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ ഇഎംഐ പെന്റിംഗ് ആണെന്നും അത് അടക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആവുമെന്നാണ് അറിയിച്ചത്.
കടം വാങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. വല്ലാത്ത അവസ്ഥയാണ് ഞങ്ങളുടേത്. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. എപ്പോഴാണേലും അടച്ചോളാം. ഭക്ഷണം വേണോയെന്ന് ചോദിച്ചല്ല ആരും വിളിച്ചത്. ഈ ദുരന്തമുഖത്തിരിക്കുന്ന ഒരാളെ വിളിച്ചു ചോദിക്കാനുള്ള ചോദ്യമല്ല ഇത്. ജീവിച്ചിരിപ്പുണ്ടോ. എങ്കില്‍ പണം അടക്കൂവെന്ന് കേള്‍ക്കുമ്പോഴുള്ള മാനസികാവസ്ഥ വല്ലാത്തതാണ്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്’, പരാതിക്കാരന്‍ പറഞ്ഞു.













