സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം സര്‍ക്കാര്‍ നയങ്ങള്‍;സര്‍ക്കാരിനെതിര രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍


സംസ്ഥാന സര്‍ക്കാരിനെതിര രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം സര്‍ക്കാരിന്റെ നയങ്ങളാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. നവകേരള സദസില്‍ പരാതി സ്വീകരിക്കുന്നതല്ലാതെ പരിഹാരം കാണുന്നില്ലെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാന്‍ നവകേരള സദസിന്റെ ഉദ്ദേശ്യം എന്താണെന്നും ചോദിച്ചു.ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മറുഭാഗത്ത് വലിയ രീതിയില്‍ ആഘോഷങ്ങള്‍ നടത്തുകയും ലക്ഷങ്ങള്‍ മുടക്കി സ്വമ്മിംഗ് പൂള്‍ ഉള്‍പ്പെടെ നവീകരിക്കുകയും ചെയ്യുന്നു.


35 വര്‍ഷത്തോളം സേവനം ചെയ്തവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പണമില്ല. രണ്ട് വര്‍ഷം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി ഇരുന്നവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുവെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.നവകേരള യാത്രയുടെ ഉദ്ദേശ്യം മനസിലാകുന്നില്ല. പരാതി സ്വീകരിക്കാന്‍ മാത്രമാണ് യാത്ര. മൂന്നര ലക്ഷത്തിലധികം പരാതികള്‍ ലഭിച്ചെന്ന് സര്‍ക്കാര്‍ പറയുന്നു. ഇവയില്‍ ഒരു പരാതി പോലും നേരിട്ട് പരിഹരിക്കുന്നില്ല. ഇവയെല്ലാം കളക്ടറേറ്റുകളിലോ മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലോ സ്വീകരിക്കാവുന്ന പരാതികളല്ലേയെന്നും ഗവര്‍ണര്‍ ചോദിച്ചു.




Sharing is Caring