ഗോദ്റെജ് ഗ്രൂപ്പിന്‍റെ അപ്ലയന്‍സസ് ബിസിനസ് വിഭാഗമായ ഗോദ്റെജ് ആന്‍ഡ് ബോയ്സ് ഭക്ഷ്യ, മൈക്രോബയോളജി ലാബ് അവതരിപ്പിച്ചു. ഭക്ഷണത്തിന്‍റെ സ്വഭാവം, സംരക്ഷണ രീതികള്‍, ശുചിത്വ ഘടകങ്ങള്‍ എന്നിവ ശാസ്ത്രീയമായി പഠിക്കാന്‍ ഈ സൗകര്യം ഗോദ്റെജിനെ സഹായിക്കുന്നു. പിഎച്ച് ലെവലുകള്‍, പാകമാകുന്ന വിവിധ ഘട്ടങ്ങള്‍, ഈര്‍പ്പ നിയന്ത്രണം, രുചി, ഘടന, രൂപം, സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം തുടങ്ങി വൈവിധ്യമാര്‍ന്ന ശാസ്ത്രീയ അളവുകള്‍ വിലയിരുത്താന്‍ സജ്ജമായ ഈ ലാബ് ഉല്‍പ്പന്ന ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു.
ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്ന ഗോദ്റെജ് നവീകരണത്തിന് പ്രതിജ്ഞാബദ്ധമാണ്. ആധുനിക ജീവിതശൈലി, മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലങ്ങള്‍, ആരോഗ്യത്തെപ്പറ്റി ബോധ്യമുള്ള തിരഞ്ഞെടുപ്പുകള്‍ എന്നിവയ്ക്ക് അനുയോജ്യമായതും ലോക ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചും ഉപകരണങ്ങള്‍ വികസിപ്പിക്കാനുള്ള ശാസ്ത്രീയ ഗവേഷണങ്ങളെ തടസമില്ലാതെ ഇത് സംയോജിപ്പിക്കുന്നു. ഭക്ഷ്യ ശാസ്ത്രജ്ഞരും മൈക്രോബയോളജിസ്റ്റുകളും അടങ്ങുന്ന ഒരു സംഘം നിയന്ത്രിക്കുകയും, അപ്ലയന്‍സസ് ബിസിനസ് ഇന്നൊവേഷന്‍ മേധാവി മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്ന ഈ ലാബ് ദൈനംദിന ജീവിതത്തെ മെച്ചപ്പെടുത്തുന്ന പരിഹാരങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു.

ഭക്ഷ്യ, മൈക്രോബയോളജി ലാബ് റഫ്രിജറേറ്റര്‍, മൈക്രോവേവ് ഓവന്‍ തുടങ്ങിയ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നു. എയര്‍-കണ്ടീഷനിങ്, റഫ്രിജറേഷന്‍ തുടങ്ങിയ കൂളിങ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ മുതല്‍ ക്ലീനിങ് വിഭാഗങ്ങളായ വാഷിങ് മെഷീനുകള്‍ക്കുവരെ മൈക്രോബയോളജി അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങളിലൂടെ പിന്തുണ നല്‍കുന്നതിനും ആലോചനയുണ്ട്.













