ഗെറ്റ് ടു നോ ദ ടെറിട്ടറി: ടെക്‌നോപാര്‍ക്കില്‍ കേരളാ ഐ.ടിയും ഓസ്‌ട്രേലിയന്‍ നോര്‍തേണ്‍ ടെറിട്ടറിയുമായുള്ള സഹകരണ സാധ്യതകള്‍ ചര്‍ച്ചചെയ്തു


തിരുവനന്തപുരം; ഓസ്‌ട്രേലിയിലെ നോര്‍തേണ്‍ ടെറിട്ടറിയിലെ വ്യവസായ സാധ്യതകളും ഡിജിറ്റല്‍ ടെക്‌നോളജിയും അനുബന്ധ ചെറുകിട ഇടത്തരം വ്യവസായങ്ങളുടെയും വളര്‍ച്ചയ്ക്ക് വേണ്ട സഹകരണത്തിനായി ടെക്‌നോപാര്‍ക്കില്‍ ചര്‍ച്ച നടത്തി ഓസ്‌ട്രേലിയന്‍ പ്രതിനിധികള്‍. ഓസ്‌ട്രേലിയ നോര്‍തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നികോളെ മനിസണ്‍, ഓസ്‌ട്രേലിയ നോര്‍തേണ്‍ ടെറിട്ടറി ഗവണ്‍മെന്റ് പ്രതിനിധികള്‍, ഓസ്‌ട്രേലിയന്‍ കോണ്‍സുലേറ്റ് ചെന്നൈയില്‍ നിന്നുള്ള പ്രതിനിധികള്‍, ഓസ്‌ട്രേലിയ നോര്‍തേണ്‍ ടെറിട്ടറി ബിസിനസ് രംഗത്ത് നിന്നുള്ള പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് കേരളാ ഐ.ടിയും ഓസ്‌ട്രേലിയന്‍ നോര്‍തേണ്‍ ടെറിട്ടറിയുമായുള്ള സഹകരണ സാധ്യതകള്‍ ചര്‍ച്ചചെയ്യാന്‍ ടെക്‌നോപാര്‍ക്കിലെത്തിയത്.


ടെക്‌നോപാര്‍ക്കിലെ പാര്‍ക്ക് സെന്ററില്‍ നടന്ന ചടങ്ങില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു. ഖേല്‍കര്‍ സംഘത്തെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയും കേരളത്തെപ്പറ്റിയും കേരള ഐ.ടി എക്കോസിസ്റ്റത്തെപ്പറ്റിയും സംസാരിക്കുകയും ചെയ്തു. ഓസ്‌ട്രേലിയ നോര്‍തേണ്‍ ടെറിട്ടറി ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ നികോളെ മനിസണ്‍, നോര്‍തേണ്‍ ടെറിടറിയെയും അവിടുത്തെ ബിസ്‌നസ് അവസരങ്ങളെപ്പറ്റിയും സംസാരിച്ചു. ചെന്നൈ ഓസ്‌ട്രേലിയന്‍ കോണ്‍സുലേറ്റ്, കോണ്‍സല്‍ ജനറല്‍ സാറാ കിര്‍ലൗ ഡി.ഐ.ടി.ടി സി.ഇ.ഒ ഷോണ്‍ ഡ്രബ്ഷ്, ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷണര്‍ കെല്ലി റല്‍സ്റ്റണ്‍ എന്നിവര്‍ തുടര്‍ന്ന് സംസാരിച്ചു.


കേരളാ ഐ.ടിയെ പ്രതിനിധീകരിച്ച് ടെക്‌നോപാര്‍ക്ക് സി.ഇ.ഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഐ.ടി രംഗത്തെപ്പറ്റിയും ടെക്‌നോപാര്‍ക്കിനെ സംബന്ധിച്ചും പ്രതിനിധികള്‍ക്ക് വിവരണം നല്‍കി. കേരളവും ഓസ്‌ട്രേലിയ നോര്‍തേണ്‍ ടെറിട്ടറിയും തമ്മിലുള്ള സഹകരണ സാധ്യതകളെപ്പറ്റി തുടര്‍ന്ന് ചര്‍ച്ച നടന്നു. കെ സ്‌പെയ്‌സ് സി.ഇ.ഒ ലോ. ജി. ലെവിന്‍, ജി ടെക് സെക്രട്ടറി ശ്രീകുമാര്‍ .വി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയില്‍ നിന്ന് പ്രൊഫ. അലക്‌സ് ജയിംസ്, ജി ടെക് സി.ഇ.ഒ വിഷ്ണു വി. നായര്‍, തുടങ്ങിയ ബഹിരാകാശ, ഐ.ടി വ്യവസയായ രംഗത്തെ പ്രമുഖര്‍ വിശിഷ്ടാതിഥികളുമായി ചര്‍ച്ച നടത്തി. ഊര്‍ജ്ജ മേഖല, ഡിജിറ്റല്‍ ടെക്‌നോളജി, ബഹിരാകാശം, പ്രതിരോധ മേഖല തുടങ്ങിയവയിലെ സഹകരണ സാധ്യതകള്‍ ചര്‍ച്ചയായി. ചടങ്ങിന് കേരള ഐ.ടി പാര്‍ക്ക്‌സ് ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ മഞ്ജിത്ത് ചെറിയാന്‍ നന്ദി പറഞ്ഞു.



Sharing is Caring