ഗെയില്‍ വിരുദ്ധ സമരം ഏറ്റെടുക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല: ചെന്നിത്തല


കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം ഏറ്റെടുക്കുന്നതിനെ കുറിച്ച് യുഡിഎഫ് തീരുമാനിച്ചിട്ടില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്തെ ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ നാട്ടുകാരുടെ സമരം സംസ്ഥാന സര്‍ക്കാറിന്റെ സൃഷ്ടിയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. പ്രക്ഷോഭകര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.  എരഞ്ഞിമാവില്‍ ഗെയില്‍ വാതകപൈപ്പ് ലൈന്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.


പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണ്.  തങ്ങളാരും സമരത്തിനില്ലന്നും തദ്ദേശവാസികളാണ് സമര രംഗത്ത് ഉള്ളതെന്നും ചെന്നിത്തല പറഞ്ഞു. പദ്ധതിക്ക് യുഡിഎഫ് എതിരല്ല. ജനവാസ മേഖലയെ ഒഴിവാക്കി പദ്ധതി നടപ്പാക്കണം. പ്രതിഷേധിക്കുന്നവരെ തല്ലി ചതക്കുന്ന നടപടി ശരിയല്ലന്നും ചെന്നിത്തല പറഞ്ഞു.


തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് സി.പി.എമ്മിന്റെ രാഷ്ട്രീയ അഴിമതിയാണെന്ന് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ ഭൂമി കൈയേറിയ സംഭവത്തില്‍ ത്വരിതാന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.