നീതിയുടെ കാവലാളിന് വിട നല്‍കാന്‍ കേരളമൊരുങ്ങി


v.r krishnayyer 22കൊച്ചി: ഇന്നലെ അന്തരിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ഇന്ന് കൊച്ചിയിലേക്ക് ഒഴുകിയെത്തുന്നത്.


വൈകീട്ട് ആറിന് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍ വച്ചാണ് സംസ്‌കാരം നടക്കുക.


രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ കൃഷ്ണയ്യരെ അവസാനമായി ഒരു നോക്കു കാണാനും ആദരാഞ്ജലികളര്‍പ്പിക്കാനും എത്തിയിരുന്നു.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ വൈകീട്ടോടെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വച്ചായിരുന്നു മരണമടഞ്ഞത്.

1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു വി.ആര്‍ കൃഷ്ണയ്യര്‍. അതിനു മുമ്പ് 1952ല്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1968ല്‍ ഹൈക്കോടതി ജഡ്ജിയും 1970ല്‍ ലോ കമ്മീഷന്‍ അംഗവുമായി.

1973 മുതല്‍ 1980 വരെ സുപ്രീംകോടതി ജഡ്ജിയുമായിരുന്നു. ആത്മകഥയുള്‍പ്പെടെ എഴുപതിലധികം പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

1914 നവംബര്‍ 15ന് പാലക്കാട് വൈദ്യനാഥപുരത്താണ് അദ്ദേഹം ജനിച്ചത്. അഭിഭാഷകനായിരുന്ന രാമചന്ദ്ര അയ്യരാണ് പിതാവ്. പൊതുപ്രവര്‍ത്തകയും സംഗീതജ്ഞയുമായിരുന്നു കൃഷ്ണയ്യരുടെ അന്തരിച്ച പത്‌നി ശാരദാ കൃഷ്ണയ്യര്‍.



Sharing is Caring