ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമായി ഫ്രാന്‍സ് പ്രഖ്യാപിച്ചു

ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമായി ഫ്രാന്‍സ് പ്രഖ്യാപിച്ചു . തിങ്കളാഴ്ചയാണ് ഫ്രാന്‍സ് ചരിത്രപരമായ തീരുമാനമെടുത്തത്. സ്ത്രീകളുടെ അവകാശമെന്ന നിലയില്‍ ഫ്രാന്‍സില്‍ നിന്ന് പുറത്തുവന്ന ഈ വാര്‍ത്ത ആഗോള തലത്തില്‍ സ്വാഗതം ചെയ്യപ്പെട്ടപ്പോള്‍ ഗര്‍ഭഛിദ്ര വിരുദ്ധ ഗ്രൂപ്പുകളില്‍ നിന്ന് വിമര്‍ശനവും ഉയര്‍ന്നു.

പാര്‍ലമെന്റിലെ 780 പേരുടെ പിന്തുണയോടെയാണ് ഗര്‍ഭഛിദ്രം ഭരണഘടനാ അവകാശമായി മാറിയത്. എന്നാല്‍ 72 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. ഗര്‍ഭഛിദ്ര അവകാശത്തിനായി പോരാടുന്ന പ്രവര്‍ത്തകര്‍ ഹര്‍ഷാരവങ്ങളോടെയാണ് വിധിയെ സ്വാഗതം ചെയ്തത്. മൈ ബോഡി മൈ ചോയ്‌സ് (എന്റെ ശരീരം എന്റെ അവകാശം) എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇവര്‍ ഈഫല്‍ ടവറിന് മുന്നില്‍ ആഘോഷിച്ചത്.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഫ്രാന്‍സില്‍ ഗര്‍ഭഛിദ്ര അവകാശം അംഗീകരിക്കപ്പെട്ടതാണ്.

ഫ്രഞ്ച് ജനതയുടെ 80 ശതമാനത്തോളം പേര്‍ ഗര്‍ഭഛിദ്രം അവകാശമാകണം എന്ന് ആഗ്രഹിക്കുന്നതായി വിവിധ പോളുകള്‍ വ്യക്തമാക്കുന്നു. സ്ത്രീയുടെ ശരീരം അവളുടേതാണ്, നിങ്ങള്‍ക്ക് വേണ്ടി മറ്റൊരാളും തീരുമാനമെടുക്കേണ്ടതില്ല എന്ന സന്ദേശമാണ് ഞങ്ങള്‍ നല്‍കുന്നതെന്ന് പ്രധാനമന്ത്രി ഗബ്രിയേല്‍ അടല്‍ ഇതിനോട് പ്രതികരിച്ചു. 1974 മുതല്‍ ഫ്രാന്‍സില്‍ ഗര്‍ഭഛിദ്രം നിയമാവകാശമാണ്. നിരവധി പേര്‍ അന്ന് അത് വിമര്‍ശിച്ചിരുന്നു.

എന്നാല്‍, ഗര്‍ഭച്ഛിദ്രത്തിനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം അംഗീകരിച്ച റോയ് വി. വേഡ് വിധി റദ്ദാക്കാനുള്ള യുഎസ് സുപ്രീം കോടതിയുടെ 2022ലെ തീരുമാനം, ഫ്രാന്‍സില്‍ ഈ നിയമം ഭരണഘടനയില്‍ ഉള്‍പ്പെടുത്താന്‍ പോരാടാന്‍ സാമൂഹ്യ പ്രവര്‍ത്തകരെ പ്രേരിപ്പിച്ചു. ഇതോടെ ഇനി മുതല്‍ ഫ്രാന്‍സില്‍ ഭരണഘടനാ അനുഛേദം 34 പ്രകാരം സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള പൂര്‍ണാവകാശമുണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *