ഖത്തര്‍ ലോകപ്പില്‍ പോളണ്ടിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്.
74, 91 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ എണ്ണം പറഞ്ഞ ക്ലാസിക് ഗോളുകള്‍. 44-ാം മിനിറ്റില്‍ ഒളിവിയര്‍ ജിറൂഗദാണ് ഫ്രാന്‍സിന്റെ സ്‌കോറിങ്ങിന് തുടക്കമിട്ടത്.

മത്സരത്തിന്‌റെ അവസാന നിമിഷത്തില്‍ ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്സ്‌കി വലയിലാക്കി ഒരു ഗോള്‍ മടക്കി. 44-ാം മിനിറ്റില്‍ എതിരാളിയുടെ വലയിലേക്ക് ജിറൂദ് അടിച്ചുകയറ്റിയ പന്ത് ചെന്നുവീണത് ചരിത്രത്തിലേക്കാണ്. ഫ്രാന്‍സിനായി രാജ്യാന്തരതലത്തില്‍ 51 ഗോളുകള്‍ നേടിയ തിയറി ഒന്‍റിയെ കടത്തിവെട്ടിയിരിക്കുന്നു ഇതോടെ ജിറൂദ്.
117 മത്സരങ്ങളില്‍ നിന്ന് 52 ഗോളുകള്‍ നേടിയാണ് ജിറൂദ് റെക്കോര്‍ഡ് കുറിച്ചത്. ആദ്യ പകുതിയില്‍ ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പത്തിനുമൊപ്പമായിരുന്നു ഇരു ടീമുകളും. എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സിന്‌റെ ആധിപത്യമാണ് കണ്ടത്.













