അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഗോളുകള്‍ പെയ്തിറങ്ങിയ രാവില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ സെനഗാളിനെ വീഴ്ത്തി ഇംഗ്ലീഷ് പടയോട്ടം.
ഏകപക്ഷീയമായ മൂന്നു ഗോളിന് സെനഗാളിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

ഡിസംബര്‍ 11ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് ഫ്രാന്‍സുമായി ഏറ്റുമുട്ടും. ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍ (39), ഹാരി കെയ്ന്‍ (45+3), ബുകായോ സാക (57) എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോള്‍ നേടിയത്. പ്രസ്സിങ് ഗെയിമുമായി മുന്നേറിയ സെനഗാളിന് ഗോളുകളിലൂടെയാണ് ഇംഗ്ലണ്ട് മറുപടി നല്‍കിയത്.
ഹെന്‍ഡേഴ്സണാണ് ഇംഗ്ലണ്ടിനായി ആദ്യം വലകുലുക്കിയത്. കെയ്ന്‍ നല്‍കിയ പന്തുമായി ഇടതുവിങ്ങിലേക്ക് ബെല്ലിങ്ഹാമിന്‍റെ മുന്നേറ്റം. പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ പോസ്റ്റിനു സമാന്തരമായി താരം നല്‍കിയ ക്രോസ് ഹെന്‍ഡേഴ്സണ് വലയിലേക്ക് തട്ടിയിടേണ്ട ജോലി മാത്രം. സെനഗാള്‍ ഗോളി എഡ്വാര്‍ഡ് മെന്‍ഡി കാഴ്ചക്കാരനായി നിന്നു.
ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് ഹെന്‍ഡേഴ്സണ്‍. 1958ലെ ലോകകപ്പില്‍ യു.എസ്.എസ്.ആറിനെതിരെ ടോം ഫിന്നി ഗോള്‍ നേടുമ്ബോള്‍ വയസ്സ് 36. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ കെയ്നിലൂടെ ഇംഗ്ലണ്ട് ലീഡ് രണ്ടാക്കി. പ്രതിരോധം മറന്ന് മുന്നേറി കളിച്ചതാണ് സെനഗാളിന് തിരിച്ചടിയായത്.













