ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറിൽ കോൺഗ്രസിന് തിരിച്ചടിയായി മുൻ സംസ്ഥാന അധ്യക്ഷൻ അനിൽ ശർമ രാജിവെച്ചു. ആർ.ജെ.ഡിയുമായുള്ള കോൺഗ്രസിന്റെ സഖ്യം വിനാശകരമാണെന്നും കോൺഗ്രസിൽ ജനാധിപത്യമില്ലെന്നും രാജി പ്രഖ്യാപനത്തിനിടെ അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ശരിയായ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ദേശീയ അധ്യക്ഷനുപോലും രാഹുൽ ഗാന്ധിയുമായോ അദ്ദേഹത്തിന്റെ അടുത്ത അനുയായി കെ.സി. വേണുഗോപാലുമായോ ആലോചിക്കാതെ ഒരു നടപടിയും സ്വീകരിക്കാൻ കഴിയില്ല.കോൺഗ്രസിന്റെ ബലത്തിലാണ് ആർ.ജെ.ഡി വളർന്നത്. ലാലു പ്രസാദിന്റെയും റാബ്റി ദേവിയുടെയും കാട്ടുഭരണത്തെ പിന്തുണച്ചതിന്റെ പേരിൽ ജനങ്ങളുടെ കണ്ണിൽ കോൺഗ്രസ് കുറ്റക്കാരായിത്തീർന്നെന്നും അദ്ദേഹം പറഞ്ഞു.
പത്തു വർഷത്തിനിടെ പാർട്ടി വിട്ട നാലാമത്തെ മുൻ ബിഹാർ കോൺഗ്രസ് അധ്യക്ഷനാണ് ശർമ. 2018ൽ അശോക് ചൗധരി പാർട്ടി വിട്ട് ജെ.ഡി.യുവിൽ ചേർന്നിരുന്നു. രാം ജതൻ സിൻഹയും മെഹബൂബ് അലി കൈസറും കോൺഗ്രസിൽനിന്ന് രാജിവെച്ചിരുന്നു.