ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ


ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. പരാതി നൽകാതെ കേസെടുക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ തിരുത്തിയാണ് ബാല​ഗോപാലിന്റെ പ്രതികരണം. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണ്. സ്വമേധയാ കേസ് എടുക്കുന്നതിന് നിയമ തടസമില്ല.


പരിഷ്കരിച്ച നിയമങ്ങൾ നിലവിലുണ്ടന്നും പരാതി ലഭിച്ചിട്ടോ അല്ലാതെയോ കേസെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.ഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന രേഖയാണ് പൊലീസിന് ലഭിച്ചതെന്നായിരുന്നു റിപ്പോ‌‍ർട്ടിൽ കേസെടുക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം.കേസ് എടുത്ത് അന്വേഷണം നടത്തണം എന്ന് ശുപാർശ ചെയ്തിട്ടില്ല, മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്. കമ്മിറ്റിക്ക് മൊഴി നൽകിയ ഏത് സ്ത്രീ പരാതിയുമായി വന്നാലും ഉചിതമായ നടപടി ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.


മൊഴി പ്രസിദ്ധീകരിക്കണം എന്ന കോടതി തീരുമാനം വന്നാല്‍ മാത്രമേ കേസ് എടുക്കാന്‍ കഴിയുവെന്നും നിലവിലെ റിപ്പോര്‍ട്ട് പ്രകാരം കേസ് എടുക്കുന്നതിന് നിയമ തടസ്സമുണ്ടെന്നും മുൻ മന്ത്രി എ കെ ബാലനും പ്രതികരിച്ചിരുന്നു. മൊഴി തന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തണമെന്നത് ഹേമ കമ്മിറ്റിയുടെ ആവശ്യമായിരുന്നെന്നും കിട്ടിയ മൊഴികള്‍ പ്രകാരം നിയമനടപടി വേണമെന്ന് ഹേമ കമ്മിറ്റിക്ക് ആവശ്യപ്പെടാമെന്നും എ കെ ബാലന്‍ പറഞ്ഞിരുന്നു.



Sharing is Caring