വി പി ജോയ്
നിസ്സംശയം പറയാം, മലയാളത്തില്‍നിന്ന് വീണ്ടുമൊരു നൂറുകോടി ചിത്രം. ത്രില്ലര്‍ സിനിമകളുടെ രാജവായ ജീത്തുജോസഫ്് ഇത്തവണ ചിരിപ്പിക്കയാണ്.
ജീത്തു ജോസഫില്‍ നിന്നും പ്രതീക്ഷിക്കാത്ത ടൈപ്പൊരു ഫണ്‍റൈഡാണ് ചിത്രം. ദൃശ്യവും മെമ്മറീസും ഒന്നും മനസ്സില്‍ വെക്കാതെ മൈ ബോസ് ഓര്‍ത്ത് തുറന്ന മനസ്സുമായി പോയാല്‍ നിങ്ങള്‍ക്ക് പൊട്ടിച്ചിരിക്കാം.

ട്വല്‍ത്ത്മാനും കൂമനും എഴുതിയ കെ.ആര്‍. കൃഷ്ണ കുമാറും ട്രാക്ക് വിജയകരമായി മാറ്റിപ്പിടിച്ചിരിക്കുന്നു. ബേസില്‍ ജോസഫും ഗ്രേസ് ആന്റണിയും അഴിഞ്ഞാടുകയാണ്. സിദ്ദീഖ്, മനോജ് കെ ജയന്‍, ബൈജു, അസീസ്, ബിനു പപ്പു, അല്‍ത്താഫ്, സൈജു കുറുപ്പ് , നിഖില വിമല്‍ തുടങ്ങി എല്ലാവരും ചിരി മാല കെട്ട് പൊട്ടാതെ മുന്നോട്ട് കൊണ്ടു പോകുന്നു.
തിരക്കഥയുടെ ചടുലത നിലനിര്‍ത്തി കൊണ്ട് തിയേറ്റില്‍ ചിരിക്ക് കട്ട് പറയാത്ത വിനായക് വിഷ്ണുവിന്റെ എഡിറ്റിംഗും വിഷ്ണു ശ്യാമിന്റയും ജയ് ഉണ്ണിത്താന്റേയും ബി.ജി.എമ്മും.

അച്ഛന്റെ വിയോഗത്തിന് പിന്നാലെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധികാരത്തിലേയ്ക്ക് എത്തിപ്പെടുകയാണ് എബി എന്ന ചെറുപ്പക്കാരന്‍. ജീവിതത്തില്‍ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ ആഗ്രഹിക്കാത്ത ഇയാള്‍ തന്റെ പുതിയ പദവിയും ഇഷ്ടപ്പെടുന്നില്ല. ഭാര്യയോടൊത്ത് സമയം ചെലവഴിക്കുന്നതില്‍ മാത്രം ആനന്ദം കണ്ടെത്തുന്ന എബിയുടെ ജീവിതം ഒറ്റദിവസംകൊണ്ട് മാറിമറിയുകയാണ്. പിന്നെയങ്ങോട്ട് ഓട്ടപ്പാച്ചിലാണ്, ഒപ്പം ഒരുകൂട്ടം കഥാപാത്രങ്ങളും കൂടുന്നുണ്ട്. ബേസില്‍ ജോസഫാണ് എബിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒന്നിലധികം കഥാപാത്രങ്ങളുടെ ജീവിത സാഹചര്യങ്ങളിലൂടെയാണ് കഥപുരോഗമിക്കുന്നത്. സിനിമ നടനും സിനിമ മോഹിയായ യുവാവും പോലീസും ഒക്കെ എബിയുടെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാത്ത അതിഥികളായി എത്തുകയാണ്. ഇവരെല്ലാം തമ്മില്‍ പരസ്പരമറിയാത്ത ബന്ധങ്ങളിലൂടെയും പ്രശ്‌നങ്ങളിലൂടെയുമൊക്കെ ചുറ്റുപിണഞ്ഞുകിടക്കുകയാണ്. ഈ ചുരുളുകള്‍ അഴിക്കാനും സ്വയം രക്ഷപ്പെടാനുമൊക്കെ കഥാപാത്രങ്ങള്‍ നടത്തുന്ന നെട്ടോട്ടങ്ങളാണ് ചിരിയുണര്‍ത്തുന്നത്. ആദ്യാവസാനം ചിരിയുടെ പശ്ചാത്തലത്തിലൂടെ കഥ പുരോഗമിക്കുമ്പോഴും ഇടയ്‌ക്കൊന്ന് ത്രില്ലടിപ്പിക്കാനും ജീത്തു ജോസഫ് മറക്കുന്നില്ല.
ചിരി എന്ന് പറയുമ്പോള്‍ പഴയ സ്‌കൂളിലെ പ്രിയദര്‍ശന്റെയും റാഫിയുടെയും ഷാഫിയുടെയും ഒക്കെ നോണ്‍സെന്‍സ്, ബ്രെയിന്‍ലെസ്സ് ലൗഡ് കോമഡിപ്പടങ്ങളുടെ ശ്രേണിയില്‍ പെടും. സാഹചര്യങ്ങള്‍ കൊണ്ട് പറയേണ്ടി വരുന്ന നുണകള്‍ കൊണ്ട് മെനഞ്ഞ് മെനഞ്ഞ് പോവുന്ന ഒരു സ്‌ക്രിപ്റ്റ്. പേര് സൂചിക്കുമ്പോലെ നുണകളുടെ ഒരു പെരുംകുഴി.
മര്‍ഡറും നേരിയ ത്രില്ലര്‍ എലമെന്റ്‌സും ഒക്കെയുണ്ടെങ്കിലും ഹ്യൂമര്‍ എന്ന ബോസിക്് ഴോണറില്‍നിന്ന് സ്‌ക്രിപ്‌റ്റോ സിനിമയോ ഒരിക്കല്‍ പോലും വ്യതിചലിക്കുന്നില്ല. ഡയറക്ടര്‍ ആരെന്ന് ടൈറ്റിലില്‍ വെച്ചില്ലെങ്കില്‍ ഇതൊരു ജിത്തു ജോസഫ് സിനിമയെന്ന് ആരും പറയാന്‍ പോലും സാധ്യത ഇല്ല.
രണ്ടു മണിക്കൂര്‍ പത്തുമിനിറ്റ് നേരമേ ഉള്ളൂ. നായകന്‍, വില്ലന്‍ അങ്ങനെയൊന്നും വേര്‍തിരിവ് ഇല്ലാത്ത സിനിമയില്‍ ബൈജു ആണ് ഏറ്റവും ഓളമുണ്ടാക്കിയത്. സിദ്ദിഖ്, മനോജ് കെ ജയനും വന്‍പൊളി.. ഗ്രെയ്സിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ബേസിലിന്റേത് ടിപ്പിക്കല്‍ ബേസില്‍ കഥാപാത്രമാണ്. മൊത്തത്തില്‍ പറഞ്ഞാല്‍ നുണക്കുഴി സൂപ്പറാണ്.













