ഫിഫ ലെജന്‍ഡ്സ് കപ്പ് 15, 16ന് ദോഹയില്‍


ഖത്തര്‍ ലോകകപ്പിലെ കിരീട ജേതാക്കള്‍ ആരെന്നറിയും മുമ്ബ് ദോഹയില്‍ ഇതിഹാസ താരങ്ങളുടെ പോരാട്ടത്തിന് വേദിയൊരുങ്ങുന്നു.


ഫൈനലിന് വിസില്‍ മുഴങ്ങുന്നതിന് രണ്ട് ദിനം മുമ്ബായാണ് കഫു, കകാ, ദിദിയര്‍ േദ്രാഗ്ബ, കസിയസ്, കാര്‍സ് പുയോള്‍, റോബര്‍ട്ടോ കാര്‍ലോസ്, ഫ്രാന്‍സിസ്കോ ടോട്ടി, ജോണ്‍ടെറി ഉള്‍പ്പെടെ സൂപ്പര്‍ താരങ്ങള്‍ ദോഹയുടെ മണ്ണില്‍ പന്തു തട്ടുന്നത്.


ഡിസംബര്‍ 15നും 16നുമായി ഖലീഫ ഇന്‍റര്‍നാഷണല്‍ ടെന്നിസ് ആന്‍റ് സ്ക്വാഷ് കോപ്ലക്സിലെ സെന്‍റര്‍ കോര്‍ട്ടിലാണ് മത്സരങ്ങള്‍. പഴയകാലങ്ങളില്‍ ടി.വിയില്‍ കണ്ട് ആസ്വദിച്ച ഇതിഹാസ താരങ്ങളുടെ മത്സരങ്ങള്‍നേരിട്ട് കാണാന്‍ ആരാധകര്‍ക്കും അവസരമുണ്ട്.

ഉച്ച രണ്ട് മുതല്‍ വൈകുന്നേരം നാല് വരെയാണ് മത്സരങ്ങള്‍. ആരാധകര്‍ക്ക് പ്രവേശനം സൗജന്യമാണെങ്കിലും ടിക്കറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യണം. https://q-tickets.com/Events/EventsDetails/9564/ എന്ന ലിങ്കില്‍ പ്രവേശിച്ചു വേണം ബുക്ക് ചെയ്യാന്‍. ഉച്ചയ്ക്ക് 12.00 മുതല്‍ മത്സരവേദിയിലേയ്ക്ക് പ്രവേശിയ്ക്കാം. ഫിഫ പ്ലസ്സിലൂടെ മത്സരങ്ങളുടെ തത്സമയ സംപ്രേഷണവും ഉണ്ടാകും.

മത്സര ക്രമം

രണ്ട് ഗ്രൂപ്പുകളിലായി നാല് വീതം ടീമുകള്‍ അണിനിരക്കും. ആകെ എട്ട് ടീമുകളാണ് മത്സരിക്കുന്നത്. രണ്ടു ദിനങ്ങളിലായി 18 മത്സരങ്ങള്‍ നടക്കും. 15 മിനിറ്റ് വീതമുള്ള ഇരു പകുതികളായി 30 മിനിറ്റാണ് ഒരു കളിയുടെ ദൈര്‍ഘ്യം.

ആദ്യ ദിനത്തില്‍ 12 മത്സരങ്ങളും, രണ്ടാം ദിനത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ ആറ് മത്സരങ്ങളുമാണ് നടക്കുക. ഓരോ ടീമുകള്‍ക്കും മൂന്ന് ഗ്രൂപ്പ് മത്സരങ്ങള്‍ ഉണ്ടാകും. ഓരോ ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ രണ്ടാം ദിവസത്തെ സെമി-ഫൈനലില്‍ പ്രവേശിക്കും. 16ന് വൈകിട്ട് ആറിനാണ് ഫൈനല്‍.



Sharing is Caring