കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ആര്‍ട്ടിസ്റ്റ് ജി.എസ്. സ്മിതയെ ആദരിക്കുന്നതിനായി എയര്‍ ഇന്ത്യ എക്സ്പ്രസ് കലാ അനുമോദന സായാഹ്നം സംഘടിപ്പിച്ചു. കൊച്ചി ബിനാലെയിലെ സ്മിതയുടെ ഏറ്റവും പുതിയ പെയിന്‍റിങ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ബോയിങ് 737-800 വിമാനത്തിന്‍റെ ടെയില്‍ ആര്‍ട്ട് ആയി പതിപ്പിച്ചിരുന്നു. ഈ ടെയില്‍ ആര്‍ട്ടിന്‍റെ പകര്‍പ്പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ടെര്‍മിനല്‍ മൂന്നില്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി മുഖ്യാതിഥിയായി. എയര്‍ പോര്‍ട്ട് ഡയറക്ടര്‍ മനു ജി പങ്കെടുത്തു.

എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഓരോ വിമാനത്തിന്‍റേയും വാല്‍ ഭാഗം ഇന്ത്യന്‍ കലയുടേയും സംസ്ക്കാരത്തിന്‍റേയും പൈതൃകത്തിന്‍റേയും ചില ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള 25 അടി നീളമുള്ള കാന്‍വാസാണ്. ഈ ഓരോ ടെയിലും ഒരോ കഥകള്‍ പറയുകയാണ്. എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ബോയിങ് 737-800 വിടി-എഎക്സ്എന്‍ വിമാനത്തിലുള്ള ടെയില്‍ ആര്‍ട്ട് എയര്‍ലൈനും കലയുമായുള്ള ബന്ധം ആഘോഷിക്കുകയും കൊച്ചി മുസരിസ് ബിനാലെയുടെ 2023 പതിപ്പിനെ ആകാശങ്ങളിലേക്ക് എത്തിക്കുകയുമാണ്.
ജി എസ് സ്മിതയുടെ ഒറിജിനല്‍ അക്രലിക് പെയിന്‍റിങാണ് ടെയില്‍ ആര്‍ട്ട് ആയി സ്വീകരിച്ചത്. ഓര്‍മകള്‍, വര്‍ണാഭമായ ഭൂപ്രകൃതി, അതിലെ സൂക്ഷ്മജീവികള്‍, സമുദ്ര ജീവികള്‍ തുടങ്ങിയവയിലൂടെ സമാന്തര പ്രയാണം നടത്തുകയാണ് ഈ പെയിന്‍റിലൂടെ കലാകാരി ചെയ്യുന്നത്.














