ഫെഡറൽ സ്‌കിൽ അക്കാദമിയിൽ പൂർവ വിദ്യാർത്ഥി സംഗമം


കൊച്ചി: ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ വിഭാഗമായ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നൈപുണ്യവികസന സംരംഭമായ ഫെഡറൽ സ്കിൽ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തിൽ പൂർവ വിദ്യാർത്ഥി സംഗമം നടത്തി. ഫെഡറൽ ബാങ്ക് സിഎസ്ആർ മേധാവിയും വൈസ് പ്രസിഡന്റുമായ ഷാജി കെ വി സംഗമം ഉദ്‌ഘാടനം ചെയ്തു. എസ്ബി ഗ്ലോബൽ എജ്യുക്കേഷണൽ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കെ വി വിനയരാജൻ അധ്യക്ഷത വഹിച്ചു. കേന്ദ്രത്തിൽനിന്നു പരിശീലനം പൂർത്തീകരിച്ച ഇരുനൂറോളം വിദ്യാർത്ഥികൾക്കു പുറമെ, ബാങ്കിങ് പ്രൊഫഷണൽസും ഇൻഡസ്ട്രി ലീഡേഴ്‌സും മറ്റും ചടങ്ങിൽ പങ്കെടുത്തു.


അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് നൈപുണ്യപരിശീലനം നൽകി സംരംഭകമേഖലയിൽ ശാക്തീകരിക്കുക എന്നതാണ് ഫെഡറൽ സ്‌കിൽ അക്കാദമിയിലൂടെ ലക്ഷ്യമിടുന്നത്. നൈപുണ്യവികസനം ഉറപ്പാക്കി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രാദേശിക സമ്പദ്ഘടനയെ വളർത്തുന്നതിലും ഇത്തരം കേന്ദ്രങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്.


2015ൽ കൊച്ചിയിൽ ആരംഭിച്ച ഫെഡറൽ സ്‌കിൽ അക്കാദമി പിന്നീട് കോയമ്പത്തൂർ, കോലാപൂർ, ചെന്നൈ, വിജയവാഡ, ബെലഗാവി എന്നിവിടങ്ങളിലും ആരംഭിച്ചു. സ്‌കിൽ അക്കാദമി മുഖേന പതിനായിരത്തിലധികം വിദ്യാർത്ഥികൾ വൈദഗ്ധ്യ നൈപുണ്യ പരിശീലനം നേടിയതായി ഷാജി കെ വി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്ഥിരവരുമാനമുള്ള ജോലി നേടാൻ  ഏറെ സഹായകരമാണ് ഫെഡറൽ സ്‌കിൽ അക്കാദമിയിലെ പരിശീലനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ എസ്.ബി ഗ്ലോബൽ എജ്യുക്കേഷണൽ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഫെഡറൽ ബാങ്ക് പദ്ധതി നടപ്പാക്കുന്നത്. പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും നൽകുന്ന രീതിയിലാണ് അക്കാദമിയിലെ ക്ലാസുകൾ.



Sharing is Caring