പ്രശസ്ത തിരക്കഥാകൃത്തും കവിയും നോവലിസ്റ്റുമായ ടി.പി. രാജീവന്‍ അന്തരിച്ചു

പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവന്‍ അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക , കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. 1959ലാണ് ജനനം.

കാലിക്കറ്റ് സര്‍വ്വകലാശാല ജീവനക്കാരനായിരുന്നു. കവിതകള്‍, യാത്രാ വിവരണങ്ങള്‍, ലേഖന സമാഹാരം, നോവല്‍ എന്നിങ്ങനെ സാഹിത്യ മേഖലയില്‍ നിരവധി സംഭാവനകള്‍ ചെയ്തിട്ടുള്ള വ്യക്തിയാണ് ടി പി രാജീവന്‍.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പബ്ലിക് റിലേഷന്‍സ് ഓഫിസറും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാംസ്‌കാരിക മന്ത്രിയുടെ ഉപദേഷ്ടാവുമായിരുന്നു.

‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന നോവല്‍ അതേ പേരിലും, ‘കെടിഎന്‍ കോട്ടൂര്‍-എഴുത്തും ജീവിതവും’ എന്ന നോവല്‍ ‘ഞാന്‍’ എന്ന പേരിലും സിനിമയായി. കോട്ടൂര്‍ രാമവനം വീട്ടിലായിരുന്നു താമസം. ഇംഗ്ലിഷില്‍ മൂന്നും മലയാളത്തില്‍ ആറും കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2014 ലെ കേരള സാഹിത്യഅക്കാദമി പുരസ്‌കാരം, ലെടിഗ് ഹൗസ് ഫെലോഷിപ്പ്, യുഎസിലെ റോസ് ഫെലോ ഫൗണ്ടേഷന്‍ ഫെലോഷിപ്പ് എന്നിവ നേടി. ഭാര്യ: പി.ആര്‍.സാധന( റിട്ട. സെക്ഷന്‍ ഓഫിസര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി).

Spread the love

Leave a Reply

Your email address will not be published. Required fields are marked *