വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; കർശന വ്യവസ്ഥയിൽ നിഖിൽ തോമസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു


വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായിരുന്ന മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കർശന വ്യവസ്ഥയിലാണ് നിഖിലിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമായി എംകോം പ്രവേശനം നേടിയ കേസിലാണ് നടപടി.


കായംകുളം എംഎസ്എം കോളജിൽ എംകോമിനു ചേർന്നത് ബികോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതോടെയാണ് നിഖിലിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ പിടികൂടിയത്. ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു.തുടർന്ന് പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെ കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസിയായ ഒറിയോൺ ഏജൻസി വഴി സർട്ടിഫിക്കറ്റ് നേടിയെന്ന് നിഖിൽ സമ്മതിച്ചിരുന്നു.


രണ്ടു ലക്ഷം രൂപയ്ക്കാണ് മുൻ എസ്എഫ്ഐ നേതാവ് അബിൻ സി രാജ് തനിക്ക് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയതെന്നാണ് നിഖിലിന്റെ മൊഴി.
ഇതോടെ പൊലീസ് അബിൻ സി രാജിനെതിരെയും കേസെടുത്തു.രണ്ടാം പ്രതി അബിൻ സി രാജ് ആദ്യം സമീപിച്ചത് ഓറിയോണിൻ്റെ തിരുവനന്തപുരം ശാഖയിലായിരുന്നു. കൊവിഡ് കാലത്ത് ഈ ശാഖ പൂട്ടിയതോടെ ശ്രമം നടന്നില്ല. തുടർന്നാണ് ഓറിയോണിൻ്റെ കൊച്ചി ശാഖയിലെത്തിയത്.



Sharing is Caring