
വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായും പൊലീസ് സുരക്ഷയിലുമാണ് കോളേജ് തുറക്കുക. കോളേജിലെ യൂണിയന്‍ അഡ്വൈസറായ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകന്‍ ഡോക്ടര്‍ കെ എം നിസാമിനെതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പസിനകത്ത് പ്രതിഷേധം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.
തുടര്‍ച്ചയായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് മഹാരാജാസ് കോളേജും ഹോസ്റ്റലും അനിശ്ചിത കാലത്തേക്ക് അടച്ചത്. ഇന്നലെ കോളേജ് അധികൃതരും വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും പൊലീസും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ കോളേജ് ഇന്ന് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെയാകും കോളേജ് തുറക്കുക. വൈകിട്ട് ആറു മണിക്ക് കോളേജ് ഗേറ്റ് അടക്കും. കൂടുതല്‍ സുരക്ഷ ജീവനക്കാരെ നിയമിക്കുകയും സി സി ടി വികള്‍ സ്ഥാപിക്കുകയും ചെയ്യും.സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോളേജില്‍ പൊലീസ് സാന്നിധ്യവും തുടരും.

അതിനിടെ, കോളേജിലെ യൂണിയന്‍ അഡ്വൈസറായ അറബിക് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകന്‍ ഡോക്ടര്‍ കെ എം നിസാമിനെ പുറത്താക്കണമെന്ന ആവശ്യവുമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് രംഗത്തെത്തിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ ക്യാമ്പസിനകത്ത് പ്രതിഷേധം ശക്തമാക്കാനാണ് ഫ്രറ്റേണിറ്റിയുടെ തീരുമാനം.
