കിരീടത്തിനായുള്ള ഇംഗ്ലണ്ട്‌ – ന്യൂസിലൻഡ്‌ മത്സരം ഇന്ന് രണ്ട്‌ മണിക്ക്‌


ക്രിക്കറ്റിന്റെ ലോക കിരീടത്തിനായുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. 45 ദിവസത്തിനും 48 മത്സരങ്ങള്‍ക്കുമപ്പുറം പുതിയ അവകാശി കിരീടത്തില്‍ മുത്തമിടും.ഗുജറാത്തിലെ മൊട്ടേറയിലുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പകല്‍ രണ്ടിന് തുടങ്ങുന്ന ഉദ്ഘാടന മത്സരം തീപാറുമെന്നുറപ്പാണ്. നിലവിലെ ലോക ചാമ്ബ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡുമാണ് ഏറ്റമുട്ടുന്നത്. 2019 ലോകകപ്പ് ഫൈനലിന്റെ വിജയമധുരം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ഇംഗ്ലണ്ടും മുറിവുണക്കാൻ കിവികളും ഇറങ്ങുന്നു. ലോര്‍ഡ്സില്‍ ബൗണ്ടറിക്കണക്കിലായിരുന്നു ഇംഗ്ലണ്ടിന്റെ കിരീടധാരണം. കിവികള്‍ക്ക് ആ വേദന മാറിയിട്ടില്ല.


പരിക്ക് ഭേദമായി സന്നാഹ മത്സരത്തിറങ്ങിയ ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ കിവികള്‍ക്കായി പക്ഷേ ആദ്യമത്സരത്തിറങ്ങില്ല. പേസ് നിരയുടെ കുന്തമുനയായ ടിം സൗത്തിയും ആദ്യ മത്സരത്തിനില്ലെന്ന് പകരം ക്യാപ്റ്റനായ ടോം ലാതം വ്യക്തമാക്കി.


ജോസ് ബട്ലറുടെ കീഴിലിറങ്ങുന്ന ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സന്തുലിതമായ ടീമാണ്. ലോകപ്പിന് തൊട്ടുമുമ്ബ് നടന്ന ഏകദിന പരമ്ബരയിലും ന്യൂസിലൻഡിനെ കീഴടക്കിയാണ് വരവ്. അവസാനം നേരിട്ടേറ്റുമുട്ടിയ അഞ്ചില്‍ നാലിലും ഇംഗ്ലീഷ് പട വെന്നിക്കൊടി നാട്ടി. രണ്ട് സന്നാഹമത്സരങ്ങളില്‍ ഇന്ത്യയുമായുള്ള മത്സരം മഴയില്‍ മുങ്ങിയെങ്കിലും ബംഗ്ലാദേശിനോടുള്ള മത്സരം നാലുവിക്കറ്റിന് മഴനിയമപ്രകാരം ഇംഗ്ലണ്ട് ജയിച്ചു. വിരമിക്കല്‍ പിൻവലിച്ച്‌ തിരികെയെത്തിയ ബെൻ സ്റ്റോക്സ് തന്നെയാണ് ഇത്തവണയും ഇംഗ്ലണ്ടിന്റെ കുന്തമുന. കഴിഞ്ഞ എട്ട് ഇന്നിങ്സുകളില്‍ നിന്ന് പതിനെട്ട് വിക്കറ്റ് നേടിയ ആദില്‍ റഷീദും പ്രതീക്ഷയാണ്. മൊയീൻ അലി ബാറ്റിലും ബോളിലും തിളങ്ങുന്ന കളിക്കാരനാണ്. അതിനിടെ സ്റ്റോക്സ് ആദ്യ മത്സരത്തിനുണ്ടാകില്ലെന്നാണ് സൂചന.

സന്നാഹ മത്സരങ്ങളില്‍ പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും കീഴടക്കിയാണ് ന്യൂസിലൻഡ് അഹമ്മദാബാദില്‍ എത്തിയത്. ഡെവണ്‍ കോണ്‍വെ–-വില്‍ യങ് ഓപ്പണിങ് സഖ്യം താളം കണ്ടത്തേണ്ടതുണ്ട്. ട്രെന്റ് ബോള്‍ട്ടിനായിരിക്കും പേസ് നിരയുടെ ഉത്തരവാദിത്തം. പതിനെട്ട് ഇന്നിങ്സുകളില്‍ നിന്ന് പതിനെട്ട് വിക്കറ്റെടുത്ത മാറ്റ് ഹെൻറിക്കൊപ്പം ബോള്‍ട്ടും സൗത്തിയും ചേര്‍ന്നാല്‍ ന്യൂസിലൻഡ് പ്രഹരശേഷി വര്‍ധിക്കുമെന്നുറപ്പാണ്. അതേസമയം ചൂടുള്ള അന്തരീക്ഷത്തോട് ഇണങ്ങുകയാണ് ഇരുടീമുകളും നേരിടുന്ന പ്രധാന വെല്ലുവിളി. 36 ഡിഗ്രി ചൂടാണ് അഹമ്മദാബാദില്‍.



Sharing is Caring