വാഹനപകടത്തിൽ നട്ടെല്ലിന് ഗുരുതര പരുക്കേറ്റ 63കാരനിൽ അടിയന്തര ഇടപെടൽ വിജയകരം

എറണാകുളം: വാഹനാപകടത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ 63 വയസ്സുകാരന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിൽ അത്ഭുതകരമായ തിരിച്ചു വരവ്. ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് കറുകുറ്റി നിവാസിയായ ഗോപാലകൃഷ്ണന് നട്ടെല്ലിനും വാരിയില്ലിനും ഗുരുതര പരുക്കേൽക്കുന്നത്. വാരിയെല്ലിന്റെ ഘടന പൂർവസ്ഥിതിയിലാക്കുന്നതിനുള്ള അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ മെഡിക്കൽ സംഘത്തിന്റെ അടിയന്തര ഇടപ്പെടലിലൂടെയാണ് രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ സാധിച്ചത്. കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജന്‍ ഡോ. സായൂജ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ലിയോ ലമ്പാർ സ്പൈൻ ഫ്രാക്ചർ ഫിക്സേഷൻ എന്ന നൂതന പ്രൊസീജിയർ വിജയകരമാക്കിയത്.

നട്ടെല്ലിന് പുറമെ രോഗിയുടെ നെഞ്ചിലും വാരിയെല്ലിലും ഒടിവുകളും ശ്വാസകോശത്തെ ബാധിക്കുന്ന തരത്തിൽ നെഞ്ചിലും പെൽവിക്കിനും പരുക്കേൽക്കുകയം ചെയ്തിരുന്നു. ഈ അവസ്ഥയിലാണ് രോഗി നട്ടെല്ലിലെ ഒടിവ് പരിഹരിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നത്. ഹിപ് ജോയിന്റ് പൂർവസ്ഥിതിയിലാക്കാനും സ്ഥിരപ്പെടുത്താനുമുള്ള ഓർത്തോപീഡിക് സ്റ്റെബിലൈസേഷനും രോഗിയുടെ മടങ്ങി വരവ് വേഗത്തിലാക്കി. ഇതൊടൊപ്പം തന്നെ രോഗിയുടെ വാരിയെല്ലിനേറ്റ ഒടിവും ചികിൽസിച്ചു ഭേദമാക്കിയിരുന്നു. തുടക്കത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നതെങ്കിലും വേഗത്തിൽ തന്നെ രോഗി സുഖം പ്രാപിച്ചു. കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജൻ ഡോ. ജയകൃഷ്ണൻ, ഓർത്തോപീഡിഷ്യൻ ഡോ. പ്രിൻസ് ഷാനവാസ് ഖാൻ, ഡോ. പ്രശാന്ത് എ മേനോൻ, അനസ്‌തേഷ്യോളജിസ്റ്റ്, റേഡിയോളജിസ്റ്റുകൾ, ഐസിയു ഡോക്ടർമാർ, എമർജൻസി ഡോക്ടർമാർ, ഫിസിയോ ടീം, നഴ്‌സിംഗ് സ്റ്റാഫ് എന്നിവരും മെഡിക്കൽ സംഘത്തിന്റെ ഭാഗമായിരുന്നു.

“അരയ്ക്ക് താഴേക്ക് ശരീരം തളർന്ന് പോകുന്ന രീതിയില്‍ രോഗിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലും തകര്‍ന്നിരുന്നു. ശ്വാസമെടുക്കുവാനുള്ള പ്രയാസവും പരിക്കേറ്റ ഇടുപ്പും ചികിത്സ കൂടുതൽ സങ്കീര്‍ണ്ണമാക്കി. എന്നാല്‍ ഇത്തരം ഗുരുതര സാഹചര്യങ്ങളില്‍ കൈക്കൊള്ളേണ്ട ചികിത്സാ സംവിധാനങ്ങളും വിദഗ്ധരുടെ സേവനവും ആശുപത്രിയില്‍ ലഭ്യമായതില്‍ വളരെ വേഗത്തില്‍ തന്നെ ഇത്തരമൊരു നിര്‍ണായക സാഹചര്യത്തെ വിജയകരമായി മറികടക്കുവാന്‍ സാധിച്ചു,” ഡോ. സായൂജ് കൃഷ്ണന്‍ പറഞ്ഞു.

“ഗുരുതരമായ ആഘാതം കൈകാര്യം ചെയ്യുന്നതിൽ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘങ്ങളുടെ സമയോചിതമായ ഇടപെടലിന്റെ തെളിവാണ് ഈ മെഡിക്കൽ കേസ്. അസാധാരണമായ തയ്യാറെടുപ്പോടെ സുസംഘടിതമായ സംഘത്തിന് അത്തരം ഏത് അടിയന്തര സാഹചര്യങ്ങളെയും ഫലപ്രദമായി നേരിടാൻ കഴിയും.” മെഡിക്കൽ സംഘത്തെ അഭിനന്ദിച്ച് അപ്പോളോ അഡ്ലക്സ് ആശുപത്രി സിഇഒ സുദർശൻ ബി പറഞ്ഞു. ഇത്തരം അടിയന്തര ഘട്ടങ്ങളെ കൈകാര്യം ചെയ്യാൻ വൈദഗ്ദ്യം ലഭിച്ച ഡോക്ടർമാരുടെ വിദഗ്‌ദ്ധ സംഘമാണ് അപ്പോളോ അഡ്ലക്സ് ആശുപത്രിയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *