കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 വോട്ടെടുപ്പ് നടക്കാന്‍ രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പോളിംഗിനായി ബൂത്തുകളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ വ്യക്തമാക്കി. എല്ലാ വോട്ടര്‍മാരെയും പോളിംഗ് ബൂത്തിലേക്ക് അദേഹം സ്വാഗതം ചെയ്തു.
‘ഇത് ജനാധിപത്യത്തിന്‍റെ ഉത്സവമാണ്. 2024 ഏപ്രില്‍ 26ന് കേരളം പോളിംഗ് ബൂത്തിലെത്തുകയാണ്. 25,229 വോട്ടിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ചൂടിനെ പ്രതിരോധിക്കാന്‍ സംവിധാനങ്ങള്‍ പോളിംഗ് ബൂത്തുകളില്‍ ഒരുക്കിയിട്ടുണ്ട്.
വോട്ടര്‍മാര്‍ക്ക് ക്യൂവില്‍ കാത്തിരിക്കാന്‍ തണല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. മഴപെയ്‌താലും വോട്ടര്‍മാര്‍ ബുദ്ധിമുട്ടേണ്ടിവരില്ല.
ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേകം ക്യൂ, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ വീല്‍ ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ എന്നിവയുണ്ടാകും. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ 13 തിരിച്ചറിയല്‍ രേഖകള്‍ വഴി വോട്ട് രേഖപ്പെടുത്താം.