ഏലം വിലയിടിവിനെതിരെ സംയുക്ത സമര സമിതിനേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് 22 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും

images
ഏലം വിലയിടിവിനെതിരെ സംയുക്ത സമര സമിതിനേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിന് 22 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും. ഏലം വിലയിടിവ് തടയുക, കിലോയ്ക്ക് 1000 രൂപ തറവില നിശ്ചയിക്കുക, വര്‍ധിപ്പിച്ച പ്ളാന്റേഷന്‍ ടാക്സ് പിന്‍വലിക്കുക, വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കുക, വൈദ്യുതി സബ്സിഡി പുനഃസ്ഥാപിക്കുക, ഏലം കൃഷിയ്ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, കൃഷിക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നിവ ആവശ്യപ്പെട്ട് കര്‍ഷകസംഘം, സിഐടിയു, കര്‍ഷക തൊഴിലാളിയൂണിയന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. കടുത്ത പ്രതിസന്ധിയാണ് ഏലം മേഖല നേരിടുന്നത്. 2010 ല്‍ കിലോയ്ക്ക് 1930 രൂപ ലഭിച്ചിരുന്നു. ഇപ്പോള്‍ കിലോയ്ക്ക് 500 രൂപയാണ് വില. ശരാശരി ഉല്‍പാദനം 120,00 ടണ്‍ ആണ്. ആഭ്യന്തര ഉപയോഗത്തിന് മാത്രം 12000 ടണ്‍ ആവശ്യമാണ്. ഏലം ഉല്‍പാദനത്തിന്റ 90 ശതമാനമാനവും മലനാട്ടിലാണ്. ഏലക്കയുടെ സംഭരണത്തിലും വിതരണത്തിലും സുതാര്യത ഉണ്ടാക്കാന്‍ കേന്ദ്ര–സംസ്ഥാന ഗവണ്‍മെന്റുകള്‍ തയാറാവണം. വര്‍ധിപ്പിച്ച നികുതികള്‍ പിന്‍വലിച്ച് തറവിലയും പാക്കേജും പ്രഖ്യാപിക്കണം. ഇറക്കുമതിയും നിയന്ത്രിക്കണം. ഇല്ലെങ്കില്‍ ഏലം കൃഷിക്കാര്‍ കൂട്ട ആത്മഹത്യയിലേയ്ക്ക് പോകും. അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് 3 ന് രാവിലെ 10 മണി മുതല്‍ 22 കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കുന്നത്. കട്ടപ്പന, കാഞ്ചിയാര്‍, അടിമാലി, കല്ലാര്‍, മാങ്കുളം, രാജാക്കാട്, രാജകുമാരി, മുനിയറ, കമ്പളികണ്ടം, പൊട്ടന്‍കാട്, ബൈസന്‍വാലി, പൂപ്പാറ, ഉടുമ്പന്‍ചോല, ഒട്ടോത്തി, നെടുങ്കണ്ടം, പാമ്പാടുംപാറ, കമ്പംമെട്ട്, കുമളി, ഉപ്പുതറ, അണക്കര, മേരികുളം, കാമാക്ഷി എന്നിവടങ്ങളില്‍ നടക്കുന്ന സമരം വിജയിപ്പിക്കാന്‍ കേരള കര്‍ഷക സംഘം ജില്ലാ സെക്രട്ടറി എന്‍ വി ബേബി, കെഎസ്കെടിയു ജില്ലാ സെക്രട്ടറി പി എന്‍ വിജയന്‍, സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.



Sharing is Caring