മഴയുണ്ടെങ്കിൽ തലേന്ന് തന്നെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി


മഴയുണ്ടെങ്കിൽ തലേന്ന് തന്നെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. ജില്ലാ കളക്ടർമാർക്കാണ് മന്ത്രി നിർദേശം നൽകിയത്. രാവിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇക്കാര്യം പരിഗണിച്ച് നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ് നിർദ്ദേശം.


സ്കൂളുകളിലെ അപകടകരമായ മരങ്ങൾ മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി മുറിച്ച് മാറ്റിയിരുന്നതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കാസർകോട്ടെ സ്കൂളിൽ കടപുഴകിയ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നു. മരിച്ച കുട്ടിയടക്കം പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.


അതേ സമയം സംസ്ഥാനത്ത് കാലവർഷം കനക്കുകയാണ്. വിവിധ ജില്ലകളിൽ അതി തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.



Sharing is Caring