കരുവന്നൂര്‍ കള്ളപ്പണ കേസില്‍ എം എം വര്‍ഗീസിന് വീണ്ടും ഇ ഡി നോട്ടീസ്


കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. തിരഞ്ഞെടുപ്പ് പ്രചാരണ തിരക്ക് ചൂണ്ടി കാട്ടി എം എം വര്‍ഗീസ് കഴിഞ്ഞ രണ്ട് ദിവസവും ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇ ഡി വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്.


സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഇഡി സിപിഐഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്ക് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇ ഡി എം എം വര്‍ഗീസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസിലെ ആവശ്യം.


തിരഞ്ഞെടുപ്പ് തിരക്കിലാണെന്നും ഹാജരാകാന്‍ കഴിയില്ലെന്നുമായിരുന്നു തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നല്‍കിയ നോട്ടീസിന് മറുപടിയായി എം എം വര്‍ഗീസ് ഇ ഡിയെ അറിയിച്ചിരുന്നത്. വോട്ടെടുപ്പിന് ശേഷം ഹാജരാകാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും ഇ ഡി എം എം വര്‍ഗ്ഗീസിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്ന് തന്നെ ഹാജരാകണം എന്ന കടുത്ത നിലപാടാണ് ഇ ഡി സ്വീകരിച്ചിരിക്കുന്നത്. ഇത് ആറാം തവണയാണ് എം എം വര്‍ഗീസിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്.



Sharing is Caring