ഭൂമിയിടപാട് കേസില്‍ 2 ബിഷപ്പുമാര്‍ക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഇഡി നോട്ടീസ് നല്‍കി


എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് കേസില്‍ 2 ബിഷപ്പുമാര്‍ക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഇഡി നോട്ടീസ് നല്‍കി. അപ്പോസ്തലിക് അഡ്മിനിറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, ഫിനാന്‍സ് ഓഫീസര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടിസ് നല്‍കിയത്.


2021ല്‍ ആണ് കള്ളപ്പണ ഇടപാട് നടന്നെന്ന സംശയത്തില്‍ ഇഡി കേസ് എടുത്തത്. ഭൂമിയിടപാട് കേസെടുത്തിട്ട് രണ്ട് വര്‍ഷത്തോളമായിട്ടും ഇഡി സ്വത്തുകണ്ടുകെട്ടല്‍ നടപടികളിലേക്ക് കടന്നിട്ടില്ല. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം 24 പേരാണ് കേസിലെ പ്രതികള്‍.
ആലുവ മറ്റൂരിലെ 23 ഏക്കറില്‍ ആശുപത്രി നിര്‍മിക്കുന്നതിന് 2016ല്‍ 58 കോടി രൂപ വായ്പ എടുത്തതാണ് എറണാകുളം-അങ്കമാലി അതിരൂപതയെ പിടിച്ചുലച്ച ഭൂമിയിടപാട് വിവാദത്തിന്റെ തുടക്കം.


എന്നാല്‍ ആശുപത്രി നിര്‍മാണ പദ്ധതി നടന്നില്ല.നേരിട്ട് പരാതി ലഭിച്ചില്ലെങ്കിലും ഇഡി സ്വമേധയാ കേസ് എടുത്താണ് അന്വേഷണം നടത്തുന്നത്. ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നിട്ടില്ല എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.



Sharing is Caring