എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ച ഹീര ഗ്രൂപ്പ് എംഡി അബ്ദുല്‍ റഷീദിനെ ഇ ഡി അറസ്റ്റ് ചെയ്തു


എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ച കേസില്‍ ഹീര ഗ്രൂപ്പ് എംഡി അബ്ദുല്‍ റഷീദിനെ (ഹീരാ ബാബു) എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തുനിന്നും ഇന്നു പുലര്‍ച്ചെ കൊച്ചി ഇ ഡി യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇന്നു ഉച്ചയ്ക്ക് രണ്ടിന് അദേഹത്തെ കോടതിയില്‍ ഹാജരാക്കും.


തിരുവനന്തപുരം ആക്കുളത്തെ ഫ്‌ളാറ്റിനായി ലോണ്‍ എടുത്ത് തിരിച്ചിടക്കാതെ തട്ടിപ്പ് നടത്തിയതില്‍ വളരെ നാളുകളായി ഇദേഹത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു.ആക്കുളത്തെ ഫ്‌ലാറ്റ് സമുച്ചയ നിര്‍മാണത്തിനാണ് 2013ലാണ് വായ്പ എടുത്തത്. ഫ്‌ലാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇ ഡിയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഹീരാ ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡും നടത്തിയിരുന്നു. കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ റെയ്ഡില്‍ പിടിച്ചെടുത്തു.


ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ തിരുവനന്തപുരത്തെ മൂന്ന് സ്ഥാപനങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. വഴുതക്കാടിലുള്ള ഓഫീസ്, നിര്‍മ്മാണത്തിലിരിക്കുന്ന ഫ്‌ലാറ്റ് സമുച്ചയം , നെടുമങ്ങാടുള്ള എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നേരത്തെ, ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നേരത്തെ മ്യൂസിയം പൊലീസും ഹീര ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. ഫ്‌ളാറ്റുടമകള്‍ അറിയാതെ അവിടെ രേഖകള്‍ ബാങ്കില്‍ പണപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് കേസെടുത്തത്.



Sharing is Caring