ഹൈക്കോടതി ജീവനക്കാര്‍ റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ബി.ജെ.പി. ലീഗല്‍ സെല്ലിന്റെ പരാതിയിലാണ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഹയര്‍ ഗ്രേഡ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി.എ. സുധീഷ്, ഹയര്‍ ഗ്രേഡ് കോര്‍ട്ട് കീപ്പര്‍ പി.എം. സുധീഷ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെയാണ് നാടകം അവതരിപ്പിച്ചത്. പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നാടകത്തിലുണ്ടെന്നാണ് ബി.ജെ.പി. ലീഗല്‍ സെല്ലിന്റേയും ഭാരതീയ അഭിഭാഷക പരിഷത്തിന്റേയും പരാതി.
പരാതിയില്‍ ഹൈക്കോടതി പ്രാഥമിക പരിശോധന നടത്തി. അഡ്മിനിസ്‌ട്രേഷന്‍ രജിസ്ട്രാറോട് സംഭവത്തില്‍ വിശദീകരണം തേടി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ടി.എ. സുധീഷാണ് നാടകം എഴുതിയത്. വണ്‍ നാഷന്‍, വണ്‍ വിഷന്‍, വണ്‍ ഇന്ത്യ എന്ന പേരിലാണ് നാടകം അവതരിപ്പിച്ചത്.