തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും ഭൂരിപക്ഷത്തിന് ആവശ്യമായ അംഗബലം തികയ്ക്കാനാകാതെ പോയ സൂപ്പർ താരം വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി വി കെ) പ്രതിസന്ധിയിൽ. വിജയ്‌യെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈര്യം മറന്ന് ഡി എം കെയും എ ഐ എ ഡി എം കെയും കൈകോർക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് ടി വി കെ നേടിയത്. ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ പത്ത് സീറ്റുകളുടെ കുറവാണ് വിജയ്‌ക്കുള്ളത്. ഭരണം പിടിക്കാനായി വിജയ് നടത്തുന്ന നീക്കങ്ങൾക്ക് തടയിടാനാണ് ഡി എം കെയും എ ഐ എ ഡി എം കെയും ഒന്നിക്കുന്നത്. ഇതിന്റെ ഭാഗമായി എ ഐ എ ഡി എം കെയോട് ബി ജെ പിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ഡി എം കെ ആവശ്യപ്പെട്ടതായാണ് സൂചന.

വർഗീയ പാർട്ടികളുമായി സഹകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് ഡി എം കെ. എ ഐ എ ഡി എം കെ ബി ജെ പി ബന്ധം അവസാനിപ്പിച്ചാൽ പുറത്തുനിന്നുള്ള പിന്തുണ നൽകുന്ന കാര്യം പരിഗണിക്കാമെന്നാണ് ഡി എം കെ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ വി സി കെ പോലുള്ള ചെറിയ സഖ്യകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്നതടക്കമുള്ള ഉപാധികളും ഇതിനു പിന്നിലുണ്ട്.













