14 മുത്തൂറ്റ് ആഷിയാന ഭവനങ്ങളുടെ താക്കോല്‍ വിതരണം നടത്തി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണവായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് കൊച്ചിയിലെ എടവനക്കാട് മുത്തൂറ്റ് ആഷിയാന ഹൗസിംഗ് പദ്ധതിയുടെ സിഎസ്ആര്‍ സംരംഭത്തിന് കീഴില്‍ 14 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറി.

എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമമായ എടവനക്കാടാണ് നിര്‍ധനര്‍ക്കും നിരാലംബര്‍ക്കുമായി വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇതിന്‍റെ ഭാഗമായി എടവനക്കാട്ട് വീടുകളുടെ താക്കോല്‍ കൈമാറുന്ന ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുത്തൂറ്റ് ഫിനാന്‍സ് എംഡി ശ്രീ. ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് നിര്‍വഹിച്ചു. ചടങ്ങില്‍ ശ്രീ. ഹൈബി ഈഡന്‍ എംപി മുഖ്യാതിഥിയായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ജോര്‍ജ് എം ജോര്‍ജ് പരിസ്ഥിതി സൗഹൃദ സംരംഭമായ ‘ഒരു മരം നടൂ, ഭൂമിയെ രക്ഷിക്കൂ’ ഉദ്ഘാടനം ചെയ്തു.

എടവനക്കാട് കടല്‍ക്ഷോഭവും മണ്ണൊലിപ്പും മൂലം തകര്‍ന്ന വീടുകളില്‍ താമസിച്ചിരുന്ന പാവപ്പെട്ടവരും പാര്‍ശ്വവല്‍കരിക്കപ്പെട്ടവരുമായ കുടുംബങ്ങള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സ് ആഷിയാന പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ച ഭവനങ്ങള്‍ വഴി 14 കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. എടവനക്കാട് പദ്ധതി പൂര്‍ത്തീകരിച്ചതോടെ 2018ല്‍ ആരംഭിച്ച ആഷിയാന ഭവന പദ്ധതി 250 വീടുകള്‍ എന്ന നാഴികക്കല്ലില്‍ എത്തിയിരിക്കുകയാണ്. കേരളത്തില്‍ 2018ലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുത്തൂറ്റ് ഫിനാന്‍സ് മുമ്പ് 202 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. മുത്തൂറ്റ് ആഷിയാന പദ്ധതിക്ക് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് മുത്തൂറ്റ് ഫിനാന്‍സ് പദ്ധതി കൂടുതല്‍ വിപുലീകരിച്ചു. ഹരിയാനയിലെ റെവാരിയില്‍ 20 വീടുകളും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 10 വീടുകളുമാണ് ഈ പദ്ധതിയുടെ കീഴില്‍ അടുത്തിടെ പൂര്‍ത്തിയാക്കിയത്. ആഷിയാന പദ്ധതിക്കായി 20 കോടി രൂപ കമ്പനി നീക്കിവച്ചിട്ടുണ്ട്.

സമൂഹത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യാന്‍ മുത്തൂറ്റ് ഫിനാന്‍സ് എപ്പോഴും ശ്രമിച്ചിട്ടുണ്ട്. 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിലും നാശനഷ്ടത്തിലും ഞങ്ങളും ദുഖിതരാണ്. വീട് എന്നത് ഒരാളുടെ അടിസ്ഥാന ആവശ്യമാണ്. എല്ലാവര്‍ക്കും അവരുടെ വീടുമായി ആഴമേറിയ വൈകാരിക അടുപ്പം ഉണ്ടായിരിക്കും. അവരെ സഹായിക്കുന്നതിനായി മുത്തൂറ്റ് ഫിനാന്‍സ് ഇതുവരെ 250ല്‍ അധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. ജനങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് പ്രതിജ്ഞാബദ്ധരാണെന്ന് ആഷിയാന പദ്ധതിയെക്കുറിച്ച് സംസാരിക്കവെ മുത്തുറ്റ് ഫിനാന്‍സ് എംഡി ശ്രീ. ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

ബിസിനസ് വിജയത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമപ്പുറം സാമൂഹ്യ പുരോഗതിക്കും സമൂഹത്തെ സേവിക്കുന്നതിനുമുള്ള മുത്തുറ്റ് ഫിനാന്‍സിന്‍റെ അര്‍പ്പണബോധത്തിനും സേവനമനോഭാവത്തിനും തെളിവാണ് മുത്തൂറ്റ് ആഷിയാന പദ്ധതിയെന്ന് ശ്രീ. ഹൈബി ഈഡന്‍ എംപി അഭിപ്രായപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *