ദിലീപിനോട് എന്നും ബഹുമാനമാണ് ;ലാല്‍ജോസ്


നടന്‍ ദിലീപുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ് സംവിധായകന്‍ ലാല്‍ജോസ്. അനിയനെ പോലെയാണെങ്കിലും ദിലീപിനോട് എന്നും ബഹുമാനമാണ് എന്നാണ് ലാല്‍ജോസ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. നടന്റെ കുടുംബത്തില്‍ തനിക്ക് ഒരു മൂത്ത ജ്യേഷ്ഠന്റെ സ്ഥാനമാണെന്നും സംവിധായകന്‍ പറയുന്നു.


ദിലീപിന് ഒരു കാര്യവും ആരും തളികയില്‍ വച്ച് കൊടുത്തിട്ടില്ല. അവന്റെ എല്ലാ നേട്ടങ്ങളും കഠിനാധ്വാനത്തിലൂടെ നേടിയതാണ്. കണ്‍വെന്‍ഷണല്‍ നായക സങ്കല്‍പ്പത്തിലുള്ള രൂപമോ പശ്ചാത്തലമോ ഇല്ലാതെ കഷ്ടപെട്ട് അധ്വാനിച്ച് നേടിയതാണ്. ഒരു അനിയനെ പോലെ ആണെങ്കിലും ദിലീപിനോട് എന്നും ബഹുമാനമാണ്.


എപ്പോഴും താന്‍ ഡിപ്രസ്ഡ് ആവുമ്പോള്‍ അവനെയാണ് വിളിക്കാറുള്ളത്. എന്തിലൂടെയൊക്കെയാണ് അവന്റെ ജീവിതം കടന്നു പോയത്. എല്ലാ ഘട്ടത്തിലും താന്‍ കൂടെ ഉണ്ടായിരുന്നു. താന്‍ ദിലീപിന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ഒന്നുമല്ല. പക്ഷേ തന്റെ ബെസ്റ്റ് ഫ്രണ്ട്സില്‍ ഒരാള്‍ ദിലീപാണ്.

അവന്റെ വീട്ടുകാരും അവനും തനിക്ക് മൂത്ത സഹോദരന്റെ സ്ഥാനം തന്നിട്ടുണ്ട്. അവന്റെ അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ അവര്‍ തമ്മില്‍ എന്തെങ്കിലും വഴക്ക് ഉണ്ടായാല്‍ ”എന്റെ മൂത്തമകന്‍ വരട്ടെ. എന്നിട്ട് കാണിച്ച് തരാം” എന്ന് ദിലീപിന്റെ അച്ഛന്‍ പറയുമായിരുന്നുമെന്നും ലാല്‍ജോസ് പറയുന്നു.

നടന്‍ എന്ന നിലയില്‍ ദിലീപിനെ കുറിച്ച് പറയുകയാണെങ്കില്‍, തിരക്കഥ മുഴുവന്‍ കേട്ടതിന് ശേഷം ഓക്കെ പറയുകയോ, അല്ലെങ്കില്‍ സംവിധായകന്‍ പറയുന്നത് മാത്രം അഭിനയിക്കുകയോ ചെയ്യുന്ന ഒരാള്‍ അല്ലായിരുന്നു. സംവിധായകനും എഴുത്തുകാരനും ഉള്ളതുപോലെ നടനും ഉത്തരവാദിത്തം ഉണ്ടെന്ന് ദിലീപ് കാണിച്ചു.

അവന് വേണ്ടിയുള്ളത് അവന്‍ തന്നെ കൊണ്ട് വന്നിരുന്നു. അയാളുടെ ടേസ്റ്റിന് അനുസരിച്ചുള്ള സിനിമയാക്കി ഓരോന്നിനെയും മാറ്റി. കഥാപാത്രങ്ങളെ പൊലിപ്പിക്കുകയും ആളുകള്‍ എവിടെയാണ് ചിരിക്കുക എന്ന് വരെ ദിലീപിന് അറിയമായിരുന്നു എന്നും ലാല്‍ജോസ് പറഞ്ഞു.



Sharing is Caring