യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന ആവശ്യവുമായി ഗ്ലോബല്‍ സൗത്ത് വികസ്വര രാഷ്ട്രങ്ങള്‍. ഇന്ത്യയുടെ വികസന കാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്ന് വിവിധ രാജ്യങ്ങള്‍ പ്രശംസിച്ചു. വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ നാളെ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും. ന്യൂയോര്‍ക്കിലെ യുഎന്‍ പൊതുസഭയിലാണ് ഇന്ത്യക്ക് പിന്തുണയുമായി ഗ്ലോബല്‍ സൗത്ത് വികസ്വര രാജ്യങ്ങള്‍ രംഗത്ത് വന്നത്.ഡൊമിനിക്ക, സെയിന്റ് ലൂഷ്യ, ഗയാന, മാല്‍ഡീവ്‌സ്, സമോവ, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയെ പ്രശംസിച്ചത്.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്ക് വന്‍ മുന്നേറ്റമുണ്ടാക്കാനായെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യ പല ചെറു രാജ്യങ്ങളെയും സഹായിച്ചുവെന്നും അതിനാല്‍ തന്നെ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിന് ഇന്ത്യക്ക് അര്‍ഹതയുണ്ടെന്നും രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു.














