ഡല്‍ഹിയിലെ വായു മലിനീകരണത്തോത് വീണ്ടും ഉയര്‍ന്നു. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വന്‍തോതില്‍ പടക്കം പൊട്ടിച്ചതോടെയാണ് പ്രശ്നം രൂക്ഷമായത്. സുപ്രീം കോടതി ഉത്തരവിനെപ്പോലും വകവയ്ക്കാതെയാണ് ആളുകള്‍ ആഘോഷങ്ങളില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞയാഴ്ച പെയ്ത മഴയില്‍ മലിനീകരണത്തോത് കുറഞ്ഞിരുന്നുവെങ്കിലും ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച രാവിലെ ഡല്‍ഹി, നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളില്‍ പുകമഞ്ഞ് നിറഞ്ഞു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമായി മിക്കയിടത്തും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 500ന് മുകളിലായി.
ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ 910, ലജ്പത് നഗര്‍ – 959, കരോള്‍ ബാഗ് – 779 എന്നിങ്ങനെയാണ് സൂചിക. 200നു മുകളിലേക്ക് ഉയര്‍ന്നാല്‍തന്നെ അപകടകരമാകുന്ന മലിനീകരണത്തോത് പല മടങ്ങാണ് തലസ്ഥാനത്ത് വര്‍ധിച്ചത്. രോഹിണി, ഐടിഒ, ഡല്‍ഹി എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലും 500നു മുകളിലാണ് മലിനീകരണത്തോത്. സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന് കോടതി നിരീക്ഷിച്ചു.

ബേരിയം അടങ്ങിയ പടക്കം ഡല്‍ഹിയില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും നിരോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍ പടക്കം പൊട്ടിക്കാനായി ആളുകള്‍ കൂടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ കോടതി ഉത്തരവ് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ലെന്ന വിമര്‍ശനവുമായി നിരവധിപ്പേര്‍ രംഗത്തുവന്നു.













