അപകടത്തില്‍പ്പെട്ട കപ്പലിലെ തീ നിയന്ത്രണവിധേയമായിട്ടില്ലെന്ന് ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള


കേരളതീരത്ത് അപകടത്തില്‍പ്പെട്ട കപ്പലിലെ തീ നിയന്ത്രണവിധേയമായിട്ടില്ലെന്ന് ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള. കപ്പലില്‍ തീ പടര്‍ന്നുകൊണ്ടിരിക്കുയാണ്. രണ്ട് കപ്പലുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കത്തുന്ന വസ്തുക്കള്‍ നീക്കം ചെയ്താല്‍ മാത്രമേ തീയണയ്ക്കാന്‍ സാധിക്കുകയുള്ളൂ. രക്ഷാദൗത്യം ദുഷ്‌കരമാണെന്നും ഡിഫന്‍സ് പിആര്‍ഒ പറഞ്ഞു.കപ്പല്‍ ചെരിഞ്ഞ നിലയിലാണെന്നും അതുല്‍ പിള്ള പറഞ്ഞു. ഡോണിയര്‍ വിമാനം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. ഐഎന്‍എസ് സത്‌ലജ് സ്ഥലത്തുണ്ട്. മറ്റ് കപ്പലുകള്‍ സ്ഥലത്ത് തെരച്ചില്‍ നടത്തിവരികയാണ്.


കപ്പലില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. രക്ഷാദൗത്യത്തില്‍ ഐഎന്‍എസ് സൂറത്തും പങ്കാളിയാകുമെന്നും പിആര്‍ഒ വ്യക്തമാക്കി.കപ്പലിലെ തീ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍ കുമാറും പറഞ്ഞു. കപ്പലില്‍ ഉള്ള കണ്ടെയ്‌നറുകളാണ് അതിന് കാരണം. തെക്ക്-കിഴക്ക് ദിശയിലാണ് കണ്ടെയ്‌നര്‍ നിലവില്‍ ഒഴുകുന്നത്. തൃശൂര്‍, എറണാകുളം ജില്ലകളിലെ തീരത്തേയ്ക്ക് കണ്ടെയ്‌നര്‍ എത്താന്‍ സാധ്യത ഉണ്ടെന്നും പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. നിലവില്‍ അഴീക്കലില്‍ പ്രത്യേക അലേര്‍ട്ട് ഇല്ല. എല്ലാ ഏജന്‍സികളുമായി തുറമുഖ വകുപ്പ് ബന്ധപ്പെടുന്നുണ്ട്.


കമ്പനിയുമായി ബന്ധപ്പെട്ട ആളുകള്‍ കപ്പലിന് അടുത്തേയ്ക്ക് എത്തുമെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി.ഇന്നലെ ഉച്ചയോടെയാണ് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് തീപിടിച്ചത്. സിംഗപ്പൂർ ആസ്ഥാനമായുള്ള വാൻ ഹായ് 503 എന്ന കപ്പലിനായിരുന്നു തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലാണ് സംഭവം നടന്നത്. ചൈനീസ്, മ്യാന്‍മര്‍, ഇന്തോനേഷ്യന്‍, തായ്‌ലാന്‍ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. തീപടര്‍ന്ന ഉടന്‍ കപ്പലില്‍ ഉണ്ടായിരുന്ന പതിനെട്ട് പേര്‍ കടലിലേയ്ക്ക് ചാടി രക്ഷപ്പെട്ടിരുന്നു.



Sharing is Caring