ഹിന്ദുജ ഗ്രൂപ്പിന്‍റെ ഭാഗമായ ഹിന്ദുജ റിന്യൂവബിള്‍സ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് (എച്ച്ആര്‍ഇപിഎല്‍) മാനേജിങ് ഡയറക്ടറും സിഇഒയുമായി ദീപക് താക്കൂറിനെ നിയമിച്ചു. പുനരുപയോഗം ചെയ്യാവുന്ന ഊര്‍ജ്ജം, അടിസ്ഥാന സൗകര്യം, വ്യാവസായിക ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക്സ് എന്നീ രംഗങ്ങളില്‍ മൂന്നു ദശാബ്ദത്തെ വൈവിധ്യമാര്‍ന്ന അനുഭവ സമ്പത്തുമായാണ് അദ്ദേഹം പുതിയ ചുമതലയിലെത്തുന്നത്.

മഹീന്ദ്ര ഗ്രൂപ്പ്, റിലയന്‍സ്, സ്റ്റെര്‍ലിങ് ആന്‍റ് വില്‍സണ്‍, എല്‍ ആന്‍റ് ടി, ഹണിവെല്‍, തെര്‍മാക്സ് തുടങ്ങിയവയില്‍ വിവിധ തലങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സുമിത് പാണ്ഡേ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് ദീപക് താക്കൂറിന്‍റെ നിയമനം.

പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ മേഖലയില്‍ നേതൃസ്ഥാനത്തേക്ക് എത്താനുള്ള തങ്ങളുടെ ശ്രമം തുടരുമ്പോള്‍ ദീപക്കിന്‍റെ നിയമനം നിര്‍ണായകമായിരിക്കുമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ചെയര്‍മാന്‍ ഷോം ഹിന്ദുജ പറഞ്ഞു.
ഹിന്ദുജ ഗ്രൂപ്പിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്. പുനരുപയോഗ ഊര്‍ജ്ജത്തോടുള്ള ഗ്രൂപ്പിന്‍റെ ആഴത്തിലുള്ള പ്രതിബദ്ധത ഇന്ത്യയുടെ ഊര്‍ജ്ജ പരിവര്‍ത്തനവുമായി ഒത്തുപോകുന്നു. ഈ ആവേശകരമായ യാത്രയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്ന് ദീപക് താക്കൂര്‍ പറഞ്ഞു.
2009ല്‍ ദേശീയ സോളാര്‍ തെര്‍മല്‍ പോളിസി രൂപീകരിക്കുന്നതില്‍ ദീപക് പങ്കുവഹിക്കുകയും, ഇന്ത്യയുടെ ശുദ്ധമായ ഊര്‍ജ്ജ രൂപരേഖയ്ക്ക് അടിത്തറയിടാന്‍ സഹായിക്കുകയും ചെയ്തു. പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെന്‍റില്‍ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്.












