ടെക്‌സസിലെ മിന്നല്‍ പ്രളയത്തിൽ മരണം 82ആയി; വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് ട്രംപ്

വാഷിം​ഗ്​ടൺ:അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 82 പേർ മരിച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രളയത്തിൽ 41 പേരെ കാണാതായെന്നും റിപ്പോ‍‌ർട്ടുണ്ട്. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നുണ്ട്.
വെള്ളിയാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ‘ഇത് നൂറ്റാണ്ടിലെ ദുരന്തമാണെന്നും ഇത് കാണാൻ ഭയാനക’മാണെന്നും ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രളയത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ അടുത്ത മണിക്കൂറിനുള്ളിൽ കൂടുതൽ കൊടുങ്കാറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ടെക്സസിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ ഉയരുമെന്നും ടെക്സസ് പബ്ലിക് സേഫ്റ്റി മേധാവി ഫ്രീമാൻ മാർട്ടിൻ അറിയിച്ചു.

ടെക്സസിലെ ഹിൽ കൺട്രിയിലെ കെർ കൗണ്ടിയിലാണ് ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായത്, ഗ്വാഡലൂപ്പ് നദിക്കരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 28 കുട്ടികൾ ഉൾപ്പെടെ ഇവിടെ മാത്രം 68 പേർ മരിച്ചു. ഹണ്ടിലെ ക്യാമ്പ് മിസ്റ്റിക്കിൽ നിന്നുള്ള 10 പെൺകുട്ടികളും ഒരു കൗൺസിലറും ഉൾപ്പെടെ നിരവധി പേരെ കാണാതായെന്നും റിപ്പോ‍ർട്ടുണ്ട്.

ട്രാവിസ് കൗണ്ടിയിൽ വെള്ളപ്പൊക്കത്തിൽ വീടുകളും വാഹനങ്ങളും തകർന്ന് ആറ് പേർ മരിച്ചു. ഏകദേശം 50 പേരെ രക്ഷപ്പെടുത്തി പുനരധിവാസിപ്പിച്ചു. ബർനെറ്റ് കൗണ്ടിയിൽ മൂന്ന് പേർ മരിച്ചു, അഞ്ച് പേരെ കാണാതായി. കെൻഡാൽ, വില്യംസൺ കൗണ്ടികളിൽ രണ്ട് പേരും സാൻ ആഞ്ചലോയിൽ ഒരു മരണവും സ്ഥിരീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *