പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചതിന് പിന്നാലെ തൃശൂർ ഏങ്ങണ്ടിയൂരില്‍ ദലിത് യുവാവ് വിനായകൻ (19) ആത്മഹത്യ ചെയ്ത സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ്.സി, എസ്.ടി കോടതി. പൊലീസ് മർദനത്തെ തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്‍റെ പരാതി. കേസിൽ പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല.
2017 ജൂലൈയിലാണ് വിനായകനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തലേദിവസം മോഷണക്കുറ്റമാരോപിച്ച് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്രൂരമായ മർദനമേറ്റുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു.പൊലീസുകാർ മർദിച്ചെന്ന് വ്യക്തമാക്കുന്ന ആദ്യ കുറ്റപത്രം ക്രൈംബ്രാഞ്ച് സമർപ്പിച്ചിരുന്നു. അന്യായമായി തടങ്കലിൽ വച്ചു, മർദ്ദിച്ചു, ഭീഷണിപ്പെടുത്തി, പട്ടികജാതി വർഗ അതിക്രമ നിരോധന നിയമം ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ട് സിവില്‍ പൊലീസ് ഓഫീസര്‍മാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാൽ പൊലീസുകാർക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയിരുന്നില്ല.വിനായകനെ ക്രൂരമായി മർദിച്ചതായി വിനായകനൊപ്പം കസ്റ്റഡിയിലെടുത്ത സുഹൃത്ത് പറഞ്ഞിരുന്നു. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ചു പറിച്ചും അതിക്രൂരമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്നും താനിത് നേരിട്ട് കണ്ടതാണെന്നും സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു.
സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് വിനായകനെയും കൂട്ടുകാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തൊഴില്‍, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദനം തുടങ്ങിയെന്നാണ് ആരോപണം. 19 കാരനായ വിനായകന്‍റെ തൊഴില്‍, ആധുനിക രീതിയിലുള്ള ഹെയര്‍സ്റ്റൈല്‍ തുടങ്ങിയവയായിരുന്നു പൊലീസിനെ പ്രകോപിച്ചതെന്നും സുഹൃത്ത് പറയുന്നു.
വിനായകന്‍റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞുവെന്നാണ് സുഹൃത്ത് പറയുന്നത്. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് ‘തെളിവായി’ പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.