.സൗദി പ്രോ ലീഗില്‍ അല്‍ താഇയെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി ക്രിസ്റ്റ്യാനോയും സംഘവും


ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറഞ്ഞാടിയ മത്സരത്തില്‍ അല്‍ നസ്റിന് ജയം.സൗദി പ്രോ ലീഗില്‍ അല്‍ താഇയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ക്രിസ്റ്റ്യാനോയും സംഘവും കീഴടക്കിയത്.


അല്‍ നസ്റിന്റെ തുടര്‍ച്ചയായ മുന്നേറ്റങ്ങളോടെയാണ് മത്സരം തുടങ്ങിയത്. സാദിയോ മാനെയും റൊണാള്‍ഡോയും ടാലിസ്കയുമെല്ലാം നിരന്തരം അല്‍ തായി ഗോള്‍മുഖം റെയ്ഡ് ചെയ്തുകൊണ്ടിരുന്നു. 13ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ബര്‍ഗ കാല് കൊണ്ട് തട്ടിത്തെറിപ്പിച്ചു. 25ാം മിനിറ്റില്‍ അല്‍താഇക്കും മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.


32ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. അല്‍ നസ്റിന്റെ കൗണ്ടര്‍ അറ്റാക്കിനെ തുടര്‍ന്ന് ബാള്‍ ലഭിച്ച റൊണാള്‍ഡോ അത് ടാലിസ്കക്ക് കൈമാറുകയും താരത്തിന്റെ ഷോട്ട് ഗോള്‍കീപ്പറെ കീഴടക്കുകയും ചെയ്തു. നാല് മിനിറ്റിന് ശേഷം റൊണാള്‍ഡോക്ക് മികച്ച അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 59ാം മിനിറ്റില്‍ അല്‍ താഇക്ക് ലഭിച്ച ഫ്രീകിക്ക് പോസ്റ്റിലേക്ക് പറന്നെങ്കിലും ഗോള്‍കീപ്പര്‍ നവാഫ് പണിപ്പെട്ട് തട്ടിയകറ്റിയത് സമനില നേടാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തി. 67ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡറും ഗോള്‍കീപ്പര്‍ കുത്തിയകറ്റി. 73ാം മിനിറ്റിലും റൊണാള്‍ഡോയെ തേടി ഗോളവസരം ലഭിച്ചെങ്കിലും ഇത്തവണ പോസ്റ്റില്‍ തട്ടിത്തെറിച്ചു.

എന്നാല്‍, ആറ് മിനിറ്റിനകം അല്‍ താഇ സമനില ഗോള്‍ കണ്ടെത്തി. ഒറ്റക്ക് മുന്നേറിയ വിര്‍ജില്‍ മിസിദ്ജിയാന്റെ വകയായിരുന്നു ഗോള്‍. രണ്ട് മിനിറ്റിനകം അവര്‍ ലീഡ് നേടിയെന്ന് തോന്നിച്ചെങ്കിലും അല്‍ നസ്ര്‍ ഗോളി മുഴുനീള ഡൈവിലൂടെ ബാള്‍ തട്ടിത്തെറിപ്പിച്ചു. കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെയാണ് റൊണാള്‍ഡോയുടെ വിജയഗോള്‍ എത്തിയത്. അല്‍ നസ്‍റിന് ലഭിച്ച ഫ്രീകിക്കിനെ തുടര്‍ന്ന് ടാലിസ്കയുടെ ഹെഡര്‍ എതിര്‍ താരത്തിന്റെ കൈയില്‍ തട്ടിയതോടെ റഫറി പെനാല്‍റ്റിയിലേക്ക് വിസിലൂതി. റൊണാള്‍ഡോ അനായാസം പന്ത് വലയിലെത്തിച്ചതോടെ അല്‍ നസ്ര്‍ വിജയമുറപ്പിക്കുകയായിരുന്നു.



Sharing is Caring