സി പി എമ്മിന്റെ ജനകീയ പ്രചരണ പരിപാടിക്ക് ജനുവരി 1 ന് തുടക്കം, മന്ത്രിമാരും പി ബി അംഗങ്ങളും ഓരോ വീട്ടിലുമെത്തും


2023 ജനുവരി 1 മുതല്‍ 21 ദിവസം നീണ്ടു നില്‍ക്കുന്ന വിപുലമായ ജനകീയ പ്രചരണ പരിപാടിക്ക് സി പി എം തുടക്കമിടുന്നു. 2024 ലെ ലോക്‌സഭാ തിരഞ്ഞെുപ്പില്‍ പത്തിലധികം സീറ്റുകള്‍ നേടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ വന്‍ ജനകീയ സമ്പര്‍ക്ക പരിപാടി.പൊളിറ്റ് ബ്യുറോ അംഗങ്ങള്‍ മുതല്‍ മന്ത്രിമാര്‍ എം എല്‍ എ മാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ വീടുവീടാന്തരം കയറി ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരി 1 മുതലാണ് പരിപാടിക്ക് തുടക്കമിടുന്നത്.


ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടന്ന സി പിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പ്രചാരണ പരിപാടിയുടെ അന്തിമ രൂപ രേഖ തെയ്യാറായത്. വിഴിഞ്ഞം സമരം , ബഫര്‍ സോണ്‍ വിഷയം തുടങ്ങിയ വിഷയങ്ങളിലെല്ലാം സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന പ്രചാരണങ്ങളുടെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഈ പ്രചരണ പരിപാടിയെന്ന് സി പി എം നേതൃത്വം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ചെയ്ത നല്ല കാര്യങ്ങള്‍ പലതും മാധ്യമങ്ങളും പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ നിഴലില്‍ മുങ്ങിപ്പോകുന്നുവെന്ന പരാതി സി പി എം നേതൃത്വത്തിനുണ്ട്. അത് കൊണ്ട് വലത് -മാധ്യമ പ്രതിപക്ഷ ആരോപണങ്ങളുടെ പുകമറയില്‍ നിന്ന് സത്യം പുറത്ത് കൊണ്ടുവരിക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ ഉദ്ദേശമെന്നും സി പിഎം നേതാക്കള്‍ പറഞ്ഞു.




Sharing is Caring