ഡല്‍ഹി: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 മണ്ഡലങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് സിപിഎം. രാജസ്ഥാനിലും കോണ്‍ഗ്രസും സി.പി.എമ്മും ഒറ്റയ്ക്കാണ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഇന്‍ഡ്യ മുന്നണിയുടെ പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയുള്ള വിട്ടുവീഴ്ചയൊന്നുമില്ല. നിലവില്‍ രാജസ്ഥാനില്‍ സിപിഎമ്മിന് രണ്ട് സീറ്റുകളുണ്ട്.ഇന്‍ഡ്യ മുന്നണിയുടെ വിശാല കാഴ്ചപ്പാടോടെ സീറ്റു ധാരണയുണ്ടാക്കാന്‍ വിട്ടുവീഴ്ചകള്‍ക്കൊന്നും കോണ്‍ഗ്രസ് തയാറായില്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അംറ റാമിന്റെ കുറ്റപ്പെടുത്തല്‍. പാര്‍ട്ടിക്ക് രണ്ട് എം.എല്‍.എമാരുണ്ട്.
രണ്ടിടങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. മറ്റ് അഞ്ചിടങ്ങളില്‍ 45,000ഓളം വോട്ട് പാര്‍ട്ടിക്കുണ്ട്.ഈ പരിഗണനയൊന്നും നല്‍കാന്‍ കോണ്‍ഗ്രസ് തയാറായില്ല. സി.പി.എമ്മിന് പരമാവധി മൂന്നുസീറ്റ് നല്‍കാമെന്നാണ് രാജസ്ഥാന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുഖ്ജിന്ദര്‍സിങ് രണ്‍ധാവ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് 17 സീറ്റില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടി വോട്ടു തേടുമെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു.200 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 17 മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

മറ്റിടങ്ങളില്‍ ബി.ജെ.പിക്കെതിരെ ജയസാധ്യത നോക്കി കോണ്‍ഗ്രസിന്റേതടക്കം മറ്റു സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യും. സിറ്റിങ് സീറ്റായ ഹനുമന്‍ഗഡ് ജില്ലയിലെ ഭദ്രയില്‍ ബന്‍വന്‍ പുനിയയും രണ്ടാമത്തെ സിറ്റിങ് സീറ്റായ ബിക്കാനിറിലെ ദുംഗര്‍ഗഡില്‍ ഗിര്‍ദരിലാല്‍ മഹിയയും പത്രിക നല്‍കി. നാലുവട്ടം എം.എല്‍.എയായിരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ അംറ റാം കഴിഞ്ഞ വര്‍ഷം തോറ്റ സീക്കര്‍ ജില്ലയിലെ ദത്താരാംഗഡില്‍ വീണ്ടും മത്സരിക്കും.













