ജനാധിപത്യപരമായി സംഘടിക്കാനും സമരം ചെയ്യാനുമുള്ള മൌലികാവകാശത്തെ ചോദ്യം ചെയ്യുന്ന ഹര്‍ത്താല്‍ നിരോധന നിയമം കൊണ്ടുവരാനുള്ള യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വരുന്ന നിയമസഭാ സമ്മേളനത്തില്‍ ഹര്‍ത്താല്‍ നിരോധന നിയമം കൊണ്ടുവരാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജനാധിപത്യപരമായ എല്ലാ കീഴ്വഴക്കങ്ങളേയും കാറ്റില്‍പറത്തിക്കൊണ്ടാണ് ഈ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. സാധാരണ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുകയും സബ്ജക്ട് കമ്മിറ്റിക്കും സെലക്ട് കമ്മിറ്റിക്കും വിടുകയും പൊതുജനാഭിപ്രായം സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പതിവ്.എന്നാല്‍, നിലനില്‍ക്കുന്ന ഈ ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെയെല്ലാം ഇല്ലാതാക്കി എസ് പിമാരെക്കൊണ്ട് ജില്ലാതലത്തില്‍ യോഗം വിളിച്ചുചേര്‍ക്കുകയും അവിടെനിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പൊലീസ് സ്റ്റേഷനുകളില്‍ പരാതി പെട്ടി വച്ചുകൊണ്ട് പൊതുജനങ്ങളില്‍നിന്നും അഭിപ്രായങ്ങള്‍ തേടുന്ന സമ്പ്രദായവും കൊണ്ടുവന്നിരിക്കുകയാണ്. ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനത്താണ് പോലീസിനെ ഉപയോഗിച്ച് ഇത്തരം നയങ്ങള്‍ അവതരിപ്പിക്കുന്നതിന് ശ്രമിക്കുന്നത് എന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സെക്രട്ടറിയേറ്റ് അഭിപ്രായപെട്ടു.
–













