ബിവറേജിനെ ചൊല്ലി തര്‍ക്കം; മുക്കത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി; ബ്രാഞ്ച് സെക്രട്ടറി രാജിവെച്ചു


എം ബേബി


മുക്കം: ബിവറേജസ് ഔട്ട്‌ലെന്റ് ആരംഭിച്ചതിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളില്‍ മുക്കത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. പെരുമ്പടപ്പ് ബ്രാഞ്ച് സെക്രട്ടറി, ഏബിള്‍ അസീസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെച്ചു. ബിവറേജിന് എതിരെ നടന്ന സമരത്തില്‍ സിപിഎം വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നും പ്രാദേശിക വികാരം മാനിച്ചില്ലെന്നും പറഞ്ഞാണ് രാജി.


ബിവറേജിനെതിരെ ഏബിള്‍ അസീസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരം ആരംഭിച്ചിരുന്നു. സമരത്തിന് ജനകീയ പിന്തുണ ഉണ്ടായിരുന്നെങ്കിലും, സിപിഎമ്മിന്റെ ഔദ്യോഗിക പിന്തുണ ഉണ്ടായിരുന്നില്ല. മാത്രമല്ല, സമരത്തിന് നേതൃത്വം നല്‍കിയവരെ പാര്‍ട്ടി ഇടപെട്ട് പിന്തിരിപ്പിച്ചതായും വിവരമുണ്ട്. ഔട്ട്‌ലെറ്റ് ആരംഭിക്കുന്ന കെട്ടിടത്തിന് സമീപം കുടില്‍ കെട്ടിയണ് സമരം നടത്തിയത്.

സമരത്തിന് പിന്തുണ കുറഞ്ഞതോടെ വ്യാഴാഴ്ച സമരക്കാര്‍ തന്നെ സമരപ്പന്തല്‍ പൊളിച്ചുമാറ്റി. ഇതിന് പിറ്റേന്ന് ബിവറേജ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. അതേസമയം ഇപ്പോള്‍ പാര്‍ട്ടിക്കെതിരെ നടക്കുന്നത് വെറും കുപ്രചാരണം മാത്രമാണെന്നാണ് തിരുവമ്പാടി ഏരിയാ സെക്രട്ടറി പറയുന്നത്. ഫേസ്ബുക്കില്‍ പാര്‍ട്ടിയെ അപമാനിച്ചവര്‍ക്കെതിരെ ഏരിയാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



Sharing is Caring